അബുദാബി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സേ നേടാനായുള്ളഉ. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നാലോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്.

കണ്ണടച്ചു തുറക്കും മുമ്പെ എല്ലാം തീര്‍ന്നു

ക്രിസ് മോറിസിന്‍റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് കരുതലോടെയണ് ശുബ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും തുടങ്ങിയത് എന്നാല്‍ മുഹമ്മദ് സിറാജെറിഞ്ഞ രണ്ടാം ഓവര്‍ കൊല്‍ക്കത്തയെ ശരിക്കും ഞെട്ടിച്ചു. പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി.

നാലാമനായി ഇറങ്ങിയ ടോം ബാന്‍റണ്‍, സിറാജ് ഹാട്രിക്ക് നേടുന്നത് തടഞ്ഞെങ്കിലും നവദീപ് സെയ്നിയുടെ അടുത്ത ഓവറില്‍ വിശ്വസ്തനായ ശുഭ്മാന്‍ ഗില്‍(1) പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് മോറിസിന് ക്യാച്ച് നല്‍കി മടങ്ങി. ആ ഓവറില്‍ ബാന്‍റണ്‍ സെയ്നിയെ സിക്സിനും ഫോറിനും പറത്തി കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തന്‍റെ രണ്ടാം ഓവറില്‍ ബാന്‍റണെയും(10) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് സിറാജ് കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

പവറില്ലാത്ത പവര്‍പ്ലേ

14/4ലേക്ക് കൂപ്പുകുത്തിയ കൊല്‍ക്കത്തക്ക് പവര്‍പ്ലേയില്‍ നേടാനായത് വെറും 17 റണ്‍സ്.  പവര്‍പ്ലേക്ക് ശേഷം ചാഹലിനെ വിളിച്ച കോലിക്ക് പിഴച്ചില്ല. ചാഹലിന് മുന്നില്‍ ദിനേശ് കാര്‍ത്തിക്ക്(4) വീണ്ടും മുട്ടുമടക്കി. മോര്‍ഗന്‍ ഒരറ്റത്ത് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടേയിരുന്നു. കമിന്‍സിനെ(4) ചാഹലും മോര്‍ഗനെ(30) വാഷിംഗ്ടണ്‍ സുന്ദറും വീഴ്ത്തിയതോടെ 100 കടക്കാമെന്ന പ്രതീക്ഷപോലും കൊല്‍ക്കത്ത കൈവിട്ടു.

അവസാന ഓവറുകളില്‍ 27 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി പിടിച്ചു നിന്ന ലോക്കി ഫെര്‍ഗൂസനും(14 പന്തില്‍ 18, കുല്‍ദീപ് യാദവും(12) ചേര്‍ന്നാണ് കൊല്‍ക്കത്തെ 84ല്‍ എങ്കിലും എത്തിച്ചത്. നാലോവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് മൂന്ന് വിക്കറ്റെടുത്തത്.