ദുബായ്: ഐപിഎല്ലിന്‍റെ ആവേശപ്പൂരം കൊടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായതൊന്നും സംഭവിക്കാതെ മുംബൈ ഇന്ത്യന്‍സ് തന്നെ കിരീടം നേടുകയും ചെയ്തു. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തിയാണ് കിരീടം നേടിയതെങ്കിലും ഏകപക്ഷീയമായി മാറിയ ഫൈനലിനൊടുവില്‍ മുംബൈ താരങ്ങളുടെ ആവേശത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ടീം അംഗങ്ങളുടെ ആവേശത്തിനൊപ്പം മുംബൈ ടീം ഉടമയായ നിത അംബാനിയും ചേര്‍ന്നു.

വിജയത്തിനുശേഷം ടീം അംഗങ്ങളെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും നിത അംബാനി ഗ്രൗണ്ടിലാകെ ഓടിനടക്കുന്നത് കാണാമായിരുന്നു. എന്നാല്‍ ഇതിനിടെ നിതക്ക് ഒരു അബദ്ധം പറ്റി. അതാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സരശേഷം മുംബൈ താരങ്ങള്‍ വരിവരിയായി ക്യാമറക്ക് മുമ്പില്‍ നിന്ന് അഭിമുഖം നല്‍കുന്ന തിരക്കിലായിരുന്നു. പാണ്ഡ്യ സഹോദരരും ഇഷാന്‍ കിഷനും പൊള്ളാര്‍ഡും റോബിന്‍ സിംഗുമെല്ലാം ഇത്തരത്തില്‍ ക്യാമറക്ക് മുന്നില്‍ നിന്ന് വിജയാവേശം പങ്കിട്ടു.

എന്നാല്‍ മുംബൈ താരങ്ങളായ ക്വിന്‍റണ്‍ ഡീകോക്കും നേഥന്‍ കോള്‍ട്ടര്‍നൈലും അഭിമുഖം നല്‍കുന്നതിനിടെ ഇതറിയാതെ താരങ്ങളെ അഭിനന്ദിക്കാനായി നിത അംബാനി ഫ്രെയിമിലേക്ക് ഓടിവന്നു. ഡീകോക്കിന് കൈകൊടുത്തശേഷമാണ് അവിടെ അഭിമുഖം നടക്കുകയാണെന്ന് നിത തിരിച്ചറിഞ്ഞത്. അഭിമുഖത്തിലാണോ എന്ന് നിത ചോദിച്ചപ്പോള്‍ അതെ എന്ന് ഡീകോക്ക് മറുപടി നല്‍കി.

അബദ്ധം തിരിച്ചറിഞ്ഞ് നിത ഫ്രെയിമില്‍ നിന്ന് ഓടി മാറുന്നതും ഡീകോക്കും കോള്‍ട്ടര്‍നൈലും പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. നിതയെ സ്നേഹത്തോടെ അഭിമുഖത്തില്‍ നില്‍ക്കാന്‍ ഡീകോക്ക് ക്ഷണിക്കുന്നതും അവര്‍ അത് നിരസിക്കുന്നതും വീഡിയോയില്‍ കാണാം.