അബുദാബി: ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന് ബെന്‍ സ്റ്റോക്സിലൂടെ രാജസ്ഥാന്‍ മറുപടി നല്‍കിയപ്പോള്‍ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍സിന് തകര്‍പ്പന്‍ തുടക്കം. പഞ്ചാബിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തു.  എട്ട് പന്തില്‍ 10 റണ്‍സോടെ റോബിന്‍ ഉത്തപ്പയും രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍. 26 പന്തില്‍ 50 റണ്‍സടിച്ച സ്റ്റോക്സിന്‍റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.

ആദ്യ ഓവര്‍ മുതല്‍ അടിയോടടി

അര്‍ഷദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന്‍ നയം വ്യക്തമാക്കി. ഒമ്പത് റണ്‍സ് പിറന്ന ആദ്യ ഓവറിനുശേഷം മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ രാജസ്ഥാന്‍ 12 റണ്‍സടിച്ചു. അര്‍ഷദീപിന്‍റെ രണ്ടാം ഓവറും 11 റണ്‍സടിച്ച രാജസ്ഥാന്‍ തകര്‍പ്പന്‍ തുടക്കമിട്ടപ്പോള്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു.

മുരുഗന്‍ അശ്വിന്‍ എറിഞ്ഞ നാലാം ഓവരില്‍ രണ്ട് സിക്സും ഫോറും പറത്തി സ്റ്റോക്സ് 16 റണ്‍സെടുത്തു. ഷമിയുടെ അടുത്ത ഓവറില്‍ ആറ് റണ്‍സ് മാത്രമെ രാജസ്ഥാന് നേടാനായുള്ളു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി സ്റ്റോക്സ് 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ സ്റ്റോക്സിന് ദീപക് ഹൂഡയുടെ കൈകളിലെത്തിച്ച് ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.