ദുബായ്: ഐപിഎല്ലില്‍  ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പ. ഐപിഎല്‍ റണ്‍വേട്ടയില്‍ 4500 റണ്‍സ് തികക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഉത്തപ്പ ഇന്ന് ബാംഗ്ലൂരിനെതിരെ സ്വന്തമാക്കിയത്. ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഉത്തപ്പ. 184 മത്സരങ്ങളില്‍ 4535 റണ്‍സാണ് ഐപിഎല്ലില്‍ ഉത്തപ്പയുടെ ഇതുവരെയുള്ള റണ്‍നേട്ടം.

ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി കുറിച്ചപ്പോള്‍ തന്നെ ഉത്തപ്പ ഐപിഎല്ലില്‍ 4500 റണ്‍സ് പിന്നിട്ടു. സുരേഷ് റെയ്ന, വിരാട് കോലി, രോഹിത് ശര്‍മ, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരാണ് ഉത്തപ്പക്ക് മുമ്പെ 4500 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, എ ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഉത്തപ്പക്ക് മുമ്പ് ഐപിഎല്‍ റണ്‍വേട്ടയില്‍ 4500 പിന്നിട്ട വിദേശതാരങ്ങള്‍.

ഐപിഎല്ലില്‍ ഈ സീസണില്‍ ഇതുവരെ രാജസ്ഥാനായി  മധ്യനിരയില്‍ ഇറങ്ങിയ ഉത്തപ്പ ഇന്ന് ഓപ്പണറായി ഇറങ്ങി തിളങ്ങിയിരുന്നു. 5, 9, 2, 17, 18, 32 എന്നിങ്ങനെയായിരുന്നു ഇതുവരെ ഈ സീസണില്‍ ഉത്തപ്പയുടെ പ്രകടനം. എന്നാല്‍ ഓപ്പണറായതോടെ ഫോമിലേക്ക് മടങ്ങിയെത്തിയ ഉത്തപ്പ 21 പന്തില്‍ 42 റണ്‍സടിച്ചു.

ആറ് സീസണില്‍ കൊല്‍ക്കത്തക്കായി ഓപ്പണറായി കളിച്ച ഉത്തപ്പ 2014ല്‍ 660 റണ്‍സടിച്ച് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തപ്പ നേടിയ 4535 റണ്‍സില്‍  2439 റണ്‍സും കൊല്‍ക്കത്ത കുപ്പായത്തിലായിരുന്നു.