Asianet News MalayalamAsianet News Malayalam

റസല്‍ ഷോ ഇല്ല; മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് തോല്‍വി

കാര്‍ത്തിക്കിനെ ചാഹറും റാണയെ പൊള്ളാര്‍ഡും മടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ആന്ദ്രെ റസല്‍ ക്രീസിലെത്തി. ആദ്യ പന്തു മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും റസലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി.

IPL2020 Rohit Shines, beat Kolkata Knight Riders by 49 runs
Author
Abu Dhabi - United Arab Emirates, First Published Sep 23, 2020, 11:48 PM IST
  • Facebook
  • Twitter
  • Whatsapp

അബുദാബി: ആന്ദ്രെ റസല്‍ കൊല്‍ക്കത്തയുടെ രക്ഷകനായില്ല. ജസ്പ്രീത ബുമ്രയുടെ കൃത്യതക്ക് മുന്നില്‍ റസല്‍ മുട്ടുമടക്കിയപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 49 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

വമ്പന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ കൊല്‍ക്കത്തക്ക് നല്ല തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി ട്രെന്റ് ബോള്‍ട്ടും ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയും കൊല്‍ക്കത്തയെ വരിഞ്ഞുകെട്ടി. റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ ശുഭ്മാന്‍ ഗില്‍(11 പന്തില്‍ 7) ബോള്‍ട്ടിന് മുന്നില്‍ വീണപ്പോള്‍ സുനില്‍ നരെയ്നെ(10 പന്തില്‍ 9) പാറ്റിന്‍സണ്‍ മടക്കി.

ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും(23 പന്തില്‍ 30), നിതീഷ് റാണയും(18 പന്തില്ഡ 24) ചേര്‍ന്ന്ന സ്കോര്‍ മുന്നോട്ടു നീക്കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നു. കാര്‍ത്തിക്കിനെ ചാഹറും റാണയെ പൊള്ളാര്‍ഡും മടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ആന്ദ്രെ റസല്‍ ക്രീസിലെത്തി. ആദ്യ പന്തു മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും റസലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 20 പന്തില്‍ 16 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനും നിരാശപ്പെടുത്തി.

തോല്‍വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്‍ നാല് സിക്സ് അടക്കം 27 റണ്‍സടിച്ച പാറ്റ് കമിന്‍സ് കൊല്‍ക്കത്തയുടെ തോല്‍വിഭാരം കുറച്ചു. 12 പന്തില്‍ 33 റണ്‍സെടുത്ത കമിന്‍സിനെ ഒടുവില്‍ പാറ്റിന്‍സണ്‍ വീഴ്ത്തി. ആദ്യ മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ ബുമ്ര നാലാം ഓവറില്‍ 27 റണ്‍സ് വഴങ്ങി. മുംബൈക്കായി ബുമ്ര, ബോള്‍ട്ട്, പാറ്റിന്‍സണ്‍, ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പര്‍ ഹിറ്റ്മാന്‍

IPL2020 Rohit Shines, beat Kolkata Knight Riders by 49 runs

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.  54 പന്തില്‍ 80 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് മലയാളി താരം സന്ദീപ് വാര്യരായിരുന്നു. ആദ്യ അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് നല്ല തുടക്കമിട്ടെങ്കിലും ആറാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ പോയന്റിന് മുകളിലൂടെ സിക്സിന് പറത്തിയാണ് രോഹിത് തുടങ്ങിയത്. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡീകോക്കിനെ(1) വീഴ്ത്തി ശിവം മാവി മുംബൈയെ ഞെട്ടിച്ചെങ്കിലും സന്ദീപ് വാര്യര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയുടെ റണ്‍വേട്ടക്ക് തുടക്കമിട്ടു.

ഐപിഎല്ലിലെ വിലകൂടിയ താരമായ പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറില്‍ രണ്ട് സിക്സര്‍ പറത്തിയാണ് രോഹിത്ത് അടി തുടങ്ങിയത്. സൂര്യകുമാര്‍ യാദവും രോഹിത്തിനൊപ്പം ചേര്‍ന്നതോടെ മുംബൈ സ്കോര്‍ കുതിച്ചു. ആറോവറില്‍ 59 റണ്‍സിലെത്തി മുംബൈ. സുനില്‍ നരെയ്നെ രണ്ട് ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് വരവേറ്റപ്പോള്‍ ആന്ദ്രെ റസലിനെതിരെ സിക്സറും ബൗണ്ടറിയും പറത്തി രോഹിത് കരുത്തുകാട്ടി. പതിനൊന്നാം ഓവറില്‍ 28 പന്തില്‍ 47 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാവുമ്പോള്‍ മുംബൈ സ്കോര്‍ 99ല്‍ എത്തിയിരുന്നു.

പിന്നീടെത്തിയ സൗരഭ് തിവാരിയും രോഹിതിന് മികച്ച പിന്തുണ നല്‍കി. ഇടക്കൊന്ന് കുറഞ്ഞ റണ്‍നിരക്ക് കുല്‍ദീപ് യാദവിനെതിരെ രണ്ട് സിക്സറടിച്ച് രോഹിത് വീണ്ടും ടോപ് ഗിയറിലാക്കി. ഇതോടെ രോഹിത് ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി.

സുനില്‍ നരെയ്ന്റെ പന്തില്‍ സൗരഭ് തിവാരി പുറത്തായശേഷം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. പാറ്റ് കമിന്‍സിനെതിരെ തുടര്‍ച്ചയായി ബൗണ്ടറി പറത്തി പാണ്ഡ്യയും റണ്‍വേട്ട തുടങ്ങി. അവസാന ഓവറില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ രോഹിത് ശിവം മാവിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മൂന്ന് ഫോറും ആറ് സിക്സറും അടക്കം 54 പന്തിലാണ് രോഹിത് 80 റണ്‍സടിച്ചത്. ആന്ദ്രെ റസലെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 18) ഹിറ്റ് വിക്കറ്റായി പുറത്തായി. അവസാന നാലോവറില്‍ വലിയ സ്കോര്‍ നേടാനാവാതിരുന്ന മുംബൈക്ക് 47 റണ്‍സെ നേടാനായുള്ളു. ഏഴ് പന്തില്‍ 13 റണ്‍സുമായി പൊള്ളാര്‍ഡും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

കൊല്‍ക്കത്തക്കായി ശിവം മാവി നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരെയ്ന്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎല്ലിലെ വിലകൂടി താരമായ പാറ്റ് കമിന്‍സ് മൂന്നോവറില്‍ 49 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് നാലോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മലയാളി താരം സന്ദീപ് വാര്യര്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി.

Follow Us:
Download App:
  • android
  • ios