മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെ ഐപിഎല്ലിന് ഇന്ന് തുടക്കമാകാനിരിക്കെ ഐപിഎല്ലില്‍ ആര് കിരീടം നേടുമെന്ന് പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സല്ലാതെ മറ്റാര് കിരീടം നേടാനാണെന്നും ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്നും സച്ചിന്‍ ചോദിച്ചു. 

തീര്‍ച്ചയായും നീലക്കുപ്പായക്കാര്‍ തന്നെ ഇത്തവണയും കിരീടം നേടും. ഞാനെവിടെപ്പോയാലും നീലക്കുപ്പായക്കാരെ പിന്തുണക്കും. മുംബൈയും ഇന്ത്യയും ഒന്നിക്കുമ്പോഴാണത് മുംബൈ ഇന്ത്യന്‍സായി മാറുന്നതെന്നും ആകാശ് ചോപ്രയോട് സച്ചിന്‍ പറഞ്ഞു. ഐപിഎല്ലില്‍ മികച്ച തുടക്കമിടാന്‍ കഴിയുകയും ആ ആവേശം അവസാനം വരെ നിലനിര്‍ത്താന്‍ കഴിയുന്ന ടീമാവും വിജയികളാവുകയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരം ഏറെ പ്രധാനമാണ്. അത് ടെസ്റ്റ് പരമ്പരയിലായാലും ഏകദിന പരമ്പരയിലായാലും അങ്ങനെയാണ്. ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ടീം മീറ്റിംഗുകളുടെ ദൈര്‍ഘ്യം കുറയും.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ ഇല്ല. മുംബൈക്കായി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള സച്ചിന്‍ വിരമിച്ചശേഷം മുംബൈയുടെ മെന്‌ററായിരുന്നു. ഇത്തവണ മുംബൈ ടീമിനൊപ്പം പോകാനായില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്‌റെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമുണ്ട്. കളിക്കാരനായല്ല, നെറ്റ് ബൗളറായാണ് അര്‍ജ്ജുന്‍ മുംബൈ ടീമിനൊപ്പമുള്ളത്. കഴിഞ്ഞ ദിവസം മുംബൈ ടീം അംഗങ്ങള്‍്കകൊപ്പം നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന അര്‍ജ്ജുന്‌റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.