അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയ പരമ്പരക്ക് വിരാമമിട്ട് മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാനെ 57 റണ്‍സിന് തകര്‍ത്ത് ആറ് മത്സരങ്ങളില്‍ നാലു ജയവുമായി മുംബൈ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.അഞ്ച് കളികളില്‍ മൂന്നാം തോല്‍വിയോടെ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് വീണു.

2015നുശേഷം ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മുംബൈയുടെ ആദ്യ ജയമാണിത്. മലയാളി താരം സഞ്ജു സാംസണ്‍ റണ്ണെടുക്കാതെ മടങ്ങിയ മത്സരത്തില്‍ ജോസ് ബട്‌ലറുടെ ഒറ്റയാള്‍ പോരാട്ടമാണ് രാജസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 193/4, രാജസ്ഥാന്‍ റോയല്‍സ് 18.1 ഓവറില്‍ 136ന് ഓള്‍ ഔട്ട്.

തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ചു

ടോസിലെ ഭാഗ്യം മുതല്‍ രാജസ്ഥാന് തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ചു. മുംബൈ വലിയ സ്കോര്‍ നേടിയപ്പോള്‍ തന്നെ സ്മിത്തോ ബട്‌ലറോ സഞ്ജുവോ സ്പെഷല്‍ ഇന്നിംഗ്സ് കളിച്ചാലെ രാജസ്ഥാന് ജയിക്കാനാവുമായിരുന്നുള്ളു. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കൗമാരതാരം യശസ്വി ജയ്‌സ്വാളിനെ(0) ഡീകോക്കിന്‍റെ കൈകളിലെത്തിച്ച് മുംബൈ വിക്കറ്റ് വേട്ട തുടങ്ങി.

വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ സ്മിത്തിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. സ്മിത്തിനെ(6) ബുമ്രയുടെ പന്തില്‍ ഡീകോക്ക് മനോഹരമായി കൈയിലൊതുക്കി.

മലയാളിതാരം സഞ്ജു സാംസണിലായിരുന്നു പിന്നീട് റോയല്‍സിന്‍റെ പ്രതീക്ഷ. ബുമ്രയുടെ പന്തില്‍ ക്യാച്ച് അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു പക്ഷെ ബോള്‍ട്ടിന്‍റെ ഷോര്‍ട്ട് പിച്ച് ബോള്‍ സിക്സടിക്കാനുള്ള ശ്രമത്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കി പൂജ്യനായി മടങ്ങി.

ബട്‌ലറുടെ ഒറ്റയാള്‍ പോരാട്ടം

ഒരറ്റത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപൊത്തുമ്പോഴും മറുവശത്ത് ജോസ് ബട്‌ലര്‍ ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബട്‌ലര്‍ 44 പന്തില്‍ 70 റണ്‍സടിച്ചു. ജെയിംസ് പാറ്റിന്‍സണെ സിക്സടിക്കാനുള്ള ബട്‌ലറുടെ ശ്രമം ലോംഗ് ഓണില്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അത്ഭുത ക്യാച്ചില്‍ അവസാനിച്ചു, ബട്‌ലര്‍ വീണതോടെ പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു.

ടോം കറനും(15), ജോഫ്ര ആര്‍ച്ചറും(24) ചേര്‍ന്ന് രാജസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചു. മുംബൈക്കായി ബുമ്ര നാലോവറില്‍ 20 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ടും പാറ്റിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.             

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 47 പന്തില്‍ 79 റണ്‍സെടുത്ത സൂര്യുകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍.