ദുബായ്: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തുകയാമെങ്കിലും വിക്കറ്റിന് പിന്നില്‍ സഞ്ജു ഇന്ന് മിന്നലായി. ചെന്നൈ നായകന്‍ എം എസ് ധോണിയെ പറന്നുവീണ് റണ്ണൗട്ടാക്കിയാണ് സഞ്ജു തിളങ്ങിയത്.

യുവതാരം കാര്‍ത്തിക് ത്യാഗി എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു നാടകീയ റണ്ണൗട്ട്. ത്യാഗിയുടെ മൂന്നാം പന്തില്‍ ലോംഗ് ഓഫിലേക്ക് ഷോട്ട് പായിച്ച ധോണി സിംഗിളിനായി ഓടി. എന്നാല്‍  ആര്‍ച്ചറുടെ മിസ് ഫീല്‍ഡില്‍ പന്ത് ബൗണ്ടറി കടന്നു.

തൊട്ടടുത്ത പന്തിലും സമാനമായ ഷോട്ട് പായിച്ച ധോണി രണ്ടാം റണ്ണിനായി ഓടിയതാണ് വിനയായത്. ഇത്തവണ പിഴക്കാതെ പന്ത് പിടിച്ച ആര്‍ച്ചര്‍ സ്ട്രൈക്കിംഗ് എന്‍ഡ‍ിലേക്ക് നീട്ടിയെറിഞ്ഞു. വിക്കറ്റിന് പിന്നില്‍ നിന്ന് പറന്നെത്തിയ സഞ്ജു പന്ത് പിടിച്ച് സ്റ്റംപിളക്കി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ എന്നും മികവ് കാട്ടിയിട്ടുള്ള ധോണി മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പുറത്ത്.

Powered BY