Asianet News MalayalamAsianet News Malayalam

പുരാന്‍ പൂരം വെറുതെയായി; ഹൈദരാബാദിനെിരെ കൂറ്റന്‍ തോല്‍വി വഴങ്ങി പ‍ഞ്ചാബ്

മൂന്ന് വിക്കറ്റ് വീണ് പ്രതിരോധത്തിലായിട്ടും ഒരാള്‍ മാത്രം വിറച്ചില്ല. അബ്‌ദുള്‍ സമദ് എറിഞ്ഞ ഒമ്പതാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സടിച്ച് പുരാന്‍ രാജകീയമായി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 17 പന്തില്‍ 50 തികയ്‌ക്കുമ്പോള്‍ തന്നെ ഗാലറിയില്‍ ആറ് സിക്സുകള്‍ ഇടംപിടിച്ചിരുന്നു.

IPL2020 Sunrisers Hyderabad beat Kings XI Punjab by 69 runs
Author
Dubai - United Arab Emirates, First Published Oct 8, 2020, 11:31 PM IST

ദുബായ്: ഐപിഎല്ലില്‍ നിക്കോളാസ് പുരാന്‍റെ ഒറ്റയാള്‍ പോരാട്ടത്തിലും കൂറ്റന്‍ തോല്‍വി വഴങ്ങി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.5 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി. 37 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്സും പറത്തി നിക്കോളാസ് പുരാന്‍ 77 റണ്‍സടിച്ചെങ്കിലും കൂടെ നില്‍ക്കാന്‍ ആളില്ലാതായതോടെ പഞ്ചാബ് തുടര്‍ച്ചയായ അഞ്ചാം തോല്‍വി വഴങ്ങി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 201/6. കിംഗ്സ് ഇലവന്‍ പഞ്ചാബ് 16.5 ഓവറില്‍ 132ന് ഓള്‍ ഔട്ട്. മൂന്നാം ജയത്തോടെ സണ്‍റൈസേഴ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പഞ്ചാബ് അവസാന സ്ഥാനത്ത് തുടരുന്നു.

അതിവേഗം തലപോയി പഞ്ചാബ്

ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ തിരിച്ചടിയേറ്റു. ആറ് പന്തില്‍ ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. മായങ്ക് റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സിമ്രാന്‍ സിംഗ് എട്ട് പന്തില്‍ 11 റണ്‍സുമായി ഖലീല്‍ അഹമ്മദിന്‍റെ പന്തില്‍ ഗാര്‍ഗിന് ക്യാച്ച് നല്‍കി. നായകന്‍ കെ എല്‍ രാഹുലാണ് മൂന്നാമനായി മടങ്ങിയത്. 16 പന്തില്‍ 11 റണ്‍സെടുത്ത രാഹുലിനെ ഏഴാം ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ പന്തില്‍ വില്യംസണ്‍ പിടിച്ചു.

ആവേശമായി പുരാന്‍ പൂരം

മൂന്ന് വിക്കറ്റ് വീണ് പ്രതിരോധത്തിലായിട്ടും ഒരാള്‍ മാത്രം വിറച്ചില്ല. അബ്‌ദുള്‍ സമദ് എറിഞ്ഞ ഒമ്പതാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സടിച്ച് പുരാന്‍ രാജകീയമായി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 17 പന്തില്‍ 50 തികയ്‌ക്കുമ്പോള്‍ തന്നെ ഗാലറിയില്‍ ആറ് സിക്സുകള്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ മറുവശത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍(7), മന്‍ദീപ് സിംഗ്(6), മുജീബ് റഹ്‌മാന്‍(1) എന്നിവര്‍ വന്നവേഗത്തില്‍ മടങ്ങി. റാഷിദ് ഖാന്‍ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ നടരാജന്‍റെ ക്യാച്ചില്‍ പുരാനും വീണു.

37 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം ത്രസിപ്പിച്ച ഇന്നിംഗ്സിന് ദാരുണാന്ത്യം. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കോട്രലിനെയും അര്‍ഷദീപ് സിംഗിനെയും ഒരോവറില്‍ വീഴ്ത്തി നടരാജന്‍ പഞ്ചാബ് ഇന്നിംഗ്സിന് തിരശീലയിട്ടു.

ബെയര്‍സ്റ്റോ വെടിക്കെട്ട്, വാര്‍ണര്‍ ഷോ

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ വിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 15 ഓവറില്‍ 160 റണ്‍സ് അടിച്ചെടുത്തു.

28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബെയര്‍സ്റ്റോ അടിച്ചുതകര്‍ത്തതോടെ പത്താം ഓവറില്‍ ഹൈദരാബാദ് 100 റണ്‍സിലെത്തി. മാക്സ്‌വെല്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 20 റണ്‍സടിച്ച ബെയര്‍സ്റ്റോ അതിവേഗം സ്കോറുയര്‍ത്തിയപ്പോള്‍ വാര്‍ണര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

കളി തിരിച്ച് ബിഷ്ണോയ്

ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബിഷ്ണോയ് പതിനാറാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറയെും(40 പന്തില്] 52), നാലാം പന്തില്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ബെയര്‍സ്റ്റോയെയും(55 പന്തില്‍ 97) വീഴ്ത്തിയതോടെ ഹൈദരാബാദിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ആദ്യ 15 ഓവറില്‍ 160  റണ്‍സടിച്ച ഹൈദരാബാദിന് അവസാന അഞ്ചോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കി 41 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാടെ നിന്ന കെയ്ന്‍ വില്യംസണാണ് ഒരുഘട്ടത്തില്‍ 230 കടക്കുമെന്ന് കരുതിയ ഹൈദരാബാദിനെ 200 കടത്തിയത്

Follow Us:
Download App:
  • android
  • ios