ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 32 പന്തില്‍ 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 120/7, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓവറില്‍ 14.1 ഓവറില്‍ 121/5.

ജയത്തോടെ മികച്ച റണ്‍റേറ്റിന്‍റെ പിന്‍ബലത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ ഡല്‍ഹിയെ കീഴടക്കിയാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാലും മികച്ച റണ്‍റേറ്റുള്ളതിനാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷവെക്കാം.

വാര്‍ണര്‍ ഷോയില്ല

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിലെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(8) നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രമായിരുന്നു അപ്പോള്‍. രണ്ടാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിജത്തിന് അടിത്തറയിട്ടു. ചൈഹലിനെ സിക്സിന് പറത്താനുള്ള പാണ്ഡെയുടെ ശ്രമം ക്രിസ് മോറിസിന്‍റെ കൈകളിലൊതുങ്ങിയപ്പോള്‍ സാഹയും വില്യംസണും കൂടുതല്‍ നഷ്ടമില്ലാതെ സ്കോര്‍ 82ല്‍ എത്തിച്ചു.

സാഹയെ(39) ചാഹലും വില്യംസണെ(8) ഉദാനയും തുടര്‍ച്ചയായി മടക്കിയതോടെ ഹൈദരാബാദ് ഒന്ന് പതറിയെങ്കിലും ജേസണ്‍ ഹോള‍ഡറും(എട്ട് പന്തില്‍ 19 നോട്ടൗട്ട്), അഭിഷേക് ശര്‍മയും(8) ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. ചാഹലിനെ സിക്സിന് പറത്തി ഹോള്‍‍ഡര്‍ ഹൈദാരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ബാംഗ്ലൂരിനായി ചാഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഉദാനയും വാഷിംഗ്ടണ്‍ സുന്ദറും നവദീപ് സെയ്നിയും ഓരോ വിക്കറ്റെടുത്തു.