ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് വിജയത്തുടക്കമിട്ടെങ്കിലും തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ തിരിച്ചടികളുടെ നടുവിലാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്.ധോണിയുടെ ബാറ്റിംഗ് പൊസിഷനും ടീമിന്‍റെ ബാറ്റിംഗ് പരാജയവുമാണ് ചെന്നൈയ്ക്ക് രണ്ട് മത്സരങ്ങളിലും തിരിച്ചടിയായതെന്നാണ് ആരാധകര്‍ കരുതുന്നത്. ചെന്നൈ തോറ്റ രണ്ട് മത്സരങ്ങളിലും ധോണിയക്ക് കാര്യമായി ഒന്നും ചെയ്യാനായുമായില്ല.

ഇതിനിടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇന്നലെ ഡല്‍ഹിക്കെതിരെ ആറാം നമ്പറില്‍ ബാറ്റിംഗിനെത്തിയെങ്കിലും ധോണിക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ചെന്നൈ നിരയില്‍ ഫാഫ് ഡൂപ്ലെസി മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങുന്നത്.

ഈ സാഹചര്യത്തില്‍ ചെന്നൈ ബാറ്റ്സ്മാന്‍മാരുടെ മെല്ലെപ്പോക്കിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്നും ഈ കണക്കിന് പോയാല്‍ അടുത്ത മത്സരത്തില്‍ ഗ്ലൂക്കോസ് കുടിച്ച് ഇറങ്ങേണ്ടിവരുമെന്നുമാണ് സെവാഗിന്‍റെ ടീറ്റ്. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം ഇനി ആറു ദിവസത്തെ ഇടവേള കഴിഞ്ഞു മാത്രമെ അടുത്ത മത്സരമുള്ളു എന്നത് ചെന്നൈക്ക് ആശ്വാസമാണ്. അടുത്ത മാസം രണ്ടിന് സണ്‍റൈസേഴ്സിനെതിരെ ആണ് ചെന്നൈയുടെ നാലാം മത്സരം.