പ്രതിരോധിച്ചുനിന്നാല്‍ സമ്മര്‍ദ്ദമേറുമെന്ന് തിരിച്ചറിഞ്ഞ കൊല്‍ക്കത്ത തന്ത്രം മാറ്റി. സുനില്‍ നരെയ്നെ നാലാം നമ്പറിലിറക്കി. നേരിട്ട ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി നരെയ്ന്‍ ബാംഗ്ലൂരിന്‍റെ ക്വാളിഫയര്‍ സ്വപ്നങ്ങള്‍ അടിച്ചുപറത്തി.

ഷാര്‍ജ: ഐപിഎല്ലില്‍((IPL 2021))ഒരു കിരീടത്തോടെ ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചുവെക്കാമെന്ന വിരാട് കോലിയുടെ(Virat Kohli) സ്വപ്നങ്ങള്‍ സുനില്‍ നരെയ്ന്‍(Sunil Narine) ആദ്യം പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി. പിന്നെ ബാറ്റുകൊണ്ട് അടിച്ചുപറത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും സുനില്‍ നരെയ്ന്‍ മിന്നിത്തിളങ്ങിയ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) നാലു വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders)രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 138-9, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.4ഓവറില്‍ 139-6.

തുടക്കം ശുഭമാക്കി ഗില്‍

139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്കായി ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 5.2 ഓവറില്‍ 41 റണ്‍സടിച്ച് മികച്ച തുടക്കമിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ തന്‍റെ തുരുപ്പുചീട്ടായ ഹര്‍ഷല്‍ പട്ടേലിനെ ബൗളിംഗിന് വിളിച്ച വിരാട് കോലിയുടെ തന്ത്രം ഫലിച്ചു. തന്‍റെ ആദ്യ ഓവറില്‍ തന്നെ നിലയുറപ്പിച്ച ഗില്ലിനെ(24) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് ഹര്‍ഷാല്‍ ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ രാഹുല്‍ ത്രിപാഠിയെ(6) ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കൊല്‍ക്കത്ത അപകടം മണത്തു.

Scroll to load tweet…

പ്രതിരോധിച്ചുനിന്നാല്‍ സമ്മര്‍ദ്ദമേറുമെന്ന് തിരിച്ചറിഞ്ഞ കൊല്‍ക്കത്ത തന്ത്രം മാറ്റി. സുനില്‍ നരെയ്നെ നാലാം നമ്പറിലിറക്കി. നേരിട്ട ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി നരെയ്ന്‍ ബാംഗ്ലൂരിന്‍റെ ക്വാളിഫയര്‍ സ്വപ്നങ്ങള്‍ അടിച്ചുപറത്തി. പതിനഞ്ചാം ഓവറില്‍ 110 റണ്‍സിലെത്തിയതോടെ കൊല്‍ക്കത്ത അനായാസം ജയിക്കുമെന്ന് കരുതി.

ഇരട്ട പ്രഹരവുമായി സിറാജ്, വീണ്ടും ട്വിസ്റ്റ്

Scroll to load tweet…

നിലയുറപ്പിച്ച നിതീഷ് റാണയെ ചാഹല്‍ മടക്കിയതോടെ കൊല്‍ക്കത്ത വീണ്ടും ചെറിയ സമ്മര്‍ദ്ദത്തിലായി. ദിനേശ് കാര്‍ത്തിക്കും സുനില്‍ നരെയ്നും ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും ഒരോവറില്‍ സുനില്‍ നരെയ്നെയും(15 പന്തില്‍ 26) ദിനേശ് കാര്‍ത്തിക്കിനെയും(10) വീഴ്ത്തി മുഹമ്മദ് സിറാജ് വീണ്ടും ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന രണ്ടോവറില്‍ 12 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ടോവറില്‍ അതിസമ്മര്‍ദ്ദത്തിലേക്ക് വീഴാതെ ഓയിന്‍ മോര്‍ഗനും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് കൊല്‍ക്കത്തക്ക് ക്വാളിഫയര്‍ യോഗ്യത നേടിക്കൊടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ പവര്‍ പ്ലേയില്‍ 53 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുങ്ങുകയായിരുന്നു. 33 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 21 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.

പവര്‍ പ്ലേയില്‍ 53 റണ്‍സടിച്ച ബാംഗ്ലൂര്‍ പതിനാലാം ഓവറിലാണ് 100 കടന്നത്. അവസാന ആറോവോറില്‍ 38 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് കൂട്ടിച്ചേര്‍ക്കാനായത്. അവസാന ഓവറില്‍ 12 റണ്‍സടിച്ച ഹര്‍ഷല്‍ പട്ടേലും ഡാന്‍ ക്രിസ്റ്റ്യനും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പൊതുതാവുന്ന സ്കോറിലേക്ക് നയിച്ചത്. കൊല്‍ക്കത്തക്കായി നരെയ്ന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റെടുത്തു.