ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി.കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറില്‍ പ്രസി‍ദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നില്‍ കുടുക്കി

അബുദാബി:KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 93 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് ബംഗ്ലൂരിനെ എറിഞ്ഞിട്ടത്. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.

നിരാശപ്പെടുത്തി വീണ്ടും കോലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലി നിറം മങ്ങി.കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറില്‍ പ്രസി‍ദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നില്‍ കുടുക്കി. പ്രസിദ്ധിനെതിരെ മനോഹരമായൊരു കവര്‍ ഡ്രൈവ് ബൗണ്ടറി നേടിയശേഷം അടുത്ത പന്തിലാണ് കോലി വീണത്.

പിടിച്ചു നിന്ന് പടിക്കലും ഭരത്തും, റസലിന്‍റെ ഇരട്ട പ്രഹരം

കോതി തുടക്കത്തിലെ മടങ്ങിയശേഷം മലയാളി താരം ദേവ്ദത്ത് പടിക്കലും അരങ്ങേറ്റക്കാരന്‍ ശ്രീകര്‍ ഭരത്തും പവര്‍പ്ലേയില്‍ പിടിച്ചു നിന്നതോടെ ബാംഗ്ലൂര്‍ കരകയറുമെന്ന് തോന്നിച്ചു. എന്നാല്‍ പവര്‍പ്ലേയിലെ അവസാന പന്തില്‍ ആന്ദ്രെ റസല്‍ പടിക്കലിനെ(22) ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചതോടെ ബാംഗ്ലൂരിന്‍റെ തകര്‍ച്ച തുടങ്ങി. പിന്നാലെ എ ബി ഡിവില്ലിയേഴ്സിനെ(0) നേരിട്ട ആദ്യ പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ റസല്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു.

ബൗളിംഗ് ചക്രവര്‍ത്തിയായി വരുണ്‍

റസലിന്‍റെ ഇരട്ടപ്രഹരത്തിന് പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്‌വെല്ലിനെ(10) ക്ലീന്‍ ബൗള്‍ഡാക്കിയ ചക്രവര്‍ത്തി തൊട്ടടുത്ത പന്തില്‍ വനിന്‍ഡു ഹസരങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക്ക് നഷ്ടമായെങ്കിലും അടുത്ത ഓവറില്‍ സച്ചിന്‍ ബേബിയെയും(7) വീഴ്ത്തി വരുണ്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് ചക്രവര്‍ത്തിയായി. കെയ്ല്‍ ജയ്മിസണെ(4) ചക്രവര്‍ത്തി റണ്ണൗട്ടാക്കിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനെ(12) ലോക്കി ഫെര്‍ഗൂസന്‍ യോര്‍ക്കറില്‍ മടക്കി.

ടോസിലെ ഭാഗ്യം കോലിക്ക്

പതിവായി ടോസ് കൈവിടുന്ന വിരാട് കോലിയെ ഇത്തവണ ഭാഗ്യം തുണച്ചു. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് താരങ്ങള്‍ ആര്‍സിബിക്കായി ഇന്ന് അരങ്ങേറ്റം നടത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരതും രണ്ടാംപാതിയിയില്‍ ആര്‍സിബിക്കൊപ്പമെത്തിയ വാനിഡു ഹസരങ്കയും. കൊല്‍ക്കത്ത നിരയില്‍ വെങ്കിടേഷ് അയ്യരും അരങ്ങേറ്റം കുറിച്ചു.

ആദ്യ ഘട്ടത്തില്‍ ഏഴ് കളികളില്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും. നിലമെച്ചപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പോയന്റ് പട്ടികയില്‍ മുന്നിലെത്താനാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്സ്വെല്‍, എ ബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍), വാനിഡു ഹസരങ്ക, സച്ചിന്‍ ബേബി, കെയ്ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.