ദുബായ്: പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ തന്നെ നഷ്ടമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷിന് പകരം ജേസണ്‍ ഹോള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്യാപ്റ്റനായ ഹോള്‍ഡര്‍ മുമ്പും ഹൈദരാബാദിന് വേണ്ടി കളിച്ചിട്ടുണ്ട്. ഹൈദരാബാദിന് പുറമെ ചെന്നൈ സൂപ്പര്‍ ഇംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 

11 ഐപിഎല്‍ മത്സരങ്ങളാണ് മുന്‍പ് ഹോള്‍ഡര്‍ കളിച്ചിട്ടുള്ളത്. 8.5 എക്കോണമിയില്‍ അഞ്ച് വിക്കറ്റുകളും അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 122 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സും താരം നേടി. വെസ്റ്റ് ഇന്‍ഡീസിനായി 17 ടി20 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളും 111 റണ്‍സും സ്വന്തമാക്കി. പന്തെതറിയുന്നതിന് പുറമെ ബാറ്റ്‌സ്മാന്‍ എന്ന രീതിയിലും താരത്തെ പരിഗണിക്കാം. ദുര്‍ബലമായ മധ്യനിരയുമായെത്തുന്ന ഹൈദരാബാദിന് ഹോള്‍ഡറുടെ വരവ് ആശ്വാസമാകും. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന ഹൈദരാബാദിന്റെ ആദ്യ മത്സരത്തിലാണ് മാര്‍ഷിന് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മുടന്തികൊണ്ടാണ് താരം പുറത്തേക്ക് പോയത്. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കി മടങ്ങി. 

ഹൈദരാബാദിന് വേണ്ടി കളിക്കുന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ താരം കെയിന്‍ വില്ല്യംസണും പരിക്കിന്റെ പിടിയിലാണെന്ന്   ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിക്കിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.