167 ഇന്നിംഗ്സുകളില്‍ നിന്ന് 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് 143-ാം ഇന്നിംഗ്സില്‍ 5000 പിന്നിട്ട രാഹുല്‍ മറികടന്നത്.

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് തോല്‍വി തുടരുകയാണെങ്കിലും അപൂര്‍വ നേട്ടം സ്വന്തമാക്കി നായകന്‍ കെ എല്‍ രാഹുല്‍. ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായ രാഹുല്‍ സ്വന്തമാക്കിയത്.

167 ഇന്നിംഗ്സുകളില്‍ നിന്ന് 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് 143-ാം ഇന്നിംഗ്സില്‍ 5000 പിന്നിട്ട രാഹുല്‍ മറികടന്നത്. സണ്‍റൈസേഴ്സിനെതിരെ ഇറങ്ങുമ്പോള്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രാഹുലിന് ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ആറ് പന്തില്‍ നാലു റണ്ണെടുത്ത് പുറത്തായെങ്കിലും രാഹുല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയും ചെയ്തു.

ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാുമാണ് രാഹുല്‍. 132 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ പഞ്ചാബ് കിംഗ്സിലെ സഹതാരം ക്രിസ് ഗെയ്‌ലാണ് രാഹുലിനെക്കാള്‍ വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരം. കഴിഞ്ഞ ഐപിഎല്ലില്‍ 670 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ രാഹുല്‍ 2019ല്‍ റണ്‍വേട്ടയില്‍ വാര്‍ണര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ നാല് മത്സരങ്ങളില്‍ 161 റണ്‍സ് നേടിയിട്ടുള്ള രാഹുല്‍ ആറാം സ്ഥാനത്താണ്.

Also Read:മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി