ലഖ്നൗവിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പന്തില്‍ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി. രണ്ടാം മത്സരത്തിലാകട്ടെ നാലു പന്തില്‍ നാലു റണ്‍സെടുത്ത് മാര്‍ഷ് പുറത്തായി.

ദില്ലി: ഐപിഎല്ലില്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസമായി സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്. വിവാഹിതാനാവാനായി നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് അതിവേ​ഗം തന്നെ തിരികെയെത്തി. ഐപിഎല്ലിൽ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഡൽഹിക്ക് മിച്ചൽ മാർഷിന്റെ വരവ് വലിയ ആത്മവിശ്വാസം പകരും. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന മാര്‍ഷിന് പക്ഷെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല.

ലഖ്നൗവിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പന്തില്‍ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി. രണ്ടാം മത്സരത്തിലാകട്ടെ നാലു പന്തില്‍ നാലു റണ്‍സെടുത്ത് മാര്‍ഷ് പുറത്തായി. ഓള്‍ റൗണ്ടറെന്ന നിലയില്‍ മാര്‍ഷിന്‍റെ സാന്നിധ്യം ഡല്‍ഹിക്ക് അനിവാര്യമാണ്. ഗുജറാത്തിനെതിരെ 3.1 ഓവറില്‍ 24 റണ്‍സ് വഴങ്ങിയ മാര്‍ഷ് ഒരു വിക്കറ്റെടുത്തിരുന്നു. ഈ മത്സരങ്ങൾക്ക് ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. നാളെ ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

നാലിൽ നാലും തോറ്റ് നിൽക്കുന്ന ഡൽഹിക്ക് ഇനി വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. മൂന്നിൽ രണ്ട് മത്സരങ്ങളും തോറ്റ ആർസിബിക്കും തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. ബാറ്റിം​ഗിലും ബൗളിം​ഗിലും ഒരുപോലെ പ്രശ്നം നേരിടുകയാണ് ഡൽഹി. ക്യാപ്റ്റൻ വാർണർ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും മെല്ലെപ്പോക്ക് തുടരുകയാണ്.

അക്സർ പട്ടേൽ ഒഴികെ വാർണറെ പിന്തുണച്ച് ഒപ്പം നിൽക്കാൻ ടീമിൽ ആളില്ലാത്ത അവസ്ഥയിലാണ് ക്യാപിറ്റൽസ്. മിച്ചൽ മാർഷിന്റെ വരവ് ഇതിന് മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മറുവശത്ത് ബൗളിം​ഗിലെ പ്രശ്നങ്ങൾ ആർസിബിക്ക് തീരാതലവേദനയാണ്. എത്ര സ്കോർ നേടിയാലും ബൗളിം​ഗ് നിര റൺസ് വഴങ്ങുന്ന പ്രശ്നം ഡുപ്ലസിക്കും സംഘത്തിനും മറകടന്നേ മതിയാകൂ.

സഞ്ജുവിന് പറ്റിയ അതേ അബദ്ധം! വിജയത്തിനിടെയിലും കനത്ത തിരിച്ചടി നേരിട്ട് ഹാർദിക് പാണ്ഡ്യ, വൻ തുക പിഴ ചുമത്തി