അബുദാബി: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഉദ്ഘാടനമത്സരത്തില്‍ ജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ എം എസ് ധോണി. താരങ്ങളുടെ പരിചയസമ്പത്ത് തന്നെയാണ് വിജത്തിന് പിന്നിലെന്ന് ധോണി വ്യക്തമാക്കി. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും പുരോഗതി കൈവരിക്കാനുണ്ടെന്നും ധോണി. 

മത്സരശേഷം സംസാരിക്കുകയായിരുന്നു ധോണി. ''സാഹചര്യങ്ങളെല്ലാം വ്യക്തമായി പഠിച്ചശേഷമാണ് ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ശരിയായ ലൈനും ലെങ്തും കണ്ടെത്താന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ ബുദ്ധിമുട്ടി. ഒരുപാട് കാര്യങ്ങളില്‍ ഇനിയും പുരോഗതി കൈവരിക്കാനുണ്ട്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ അത് ബാറ്റ് ചെയ്യുന്ന ടീമിന് ഗുണം ചെയ്യും.

ഫാഫ് ഡു പ്ലെസിയും അമ്പാട്ടി റായുഡുവും മികച്ച പ്രകടനം പുറത്തെടുത്തു. പരിചയസമ്പത്ത് തന്നെയാണ് ഗുണമായത്. സിഎസ്‌കെയില്‍ മിക്കവരും വിരമിച്ച താരങ്ങളായിരുന്നു. എല്ലാവരും ഞങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. 300 ഏകദിനങ്ങല്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമാണ്. ആ പരിചയസമ്പത്തുകൊണ്ടും ഫീല്‍ഡ് സെറ്റ് ചെയ്യാന്‍. ജയിക്കാന്‍ അത്യാവശ്യമായി സീനിയര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയും കൂട്ടം തന്നെ വേണം.'' ധോണി പറഞ്ഞുനിര്‍ത്തി.

ടോസ് ബൗളിങ് തിരഞ്ഞെടുത്തെ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ 162ന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. അമ്പാട്ടി റായുഡു (48 പന്തില്‍ 71), ഫാഫ് ഡു പ്ലെസിസ് (44 പന്തില്‍ പുറത്താവാതെ 58) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. 

റായുഡുവാണ് മാന്‍ ഓഫ് ദ മാച്ച്. 42 റണ്‍സെടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിടി മുന്നും ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.