Asianet News MalayalamAsianet News Malayalam

ലക്ഷങ്ങൾ മറിഞ്ഞ ചൂതാട്ടം, ഐപിഎൽ വാതുവയ്പ് റാക്കറ്റിനായി രാജ്യവ്യാപക റെയ്ഡ്, അറസ്റ്റ്

രാജ്യത്തെ നിരവധി ഇടങ്ങളിലാണ് ഇന്നലെ പകലും രാത്രിയുമായി റെയ്ഡ് നടന്നതും, കൂട്ട അറസ്റ്റുണ്ടായതും. നിലവിൽ ഇവയെല്ലാം അതാത് സ്ഥലങ്ങളിലുള്ള പ്രാദേശികസംഘങ്ങളാണ് എന്നാണ് സൂചനയെങ്കിലും ഇതിന് പിന്നിൽ രാജ്യവ്യാപക റാക്കറ്റുണ്ടോ എന്ന സംശയവുമുയരുന്നുണ്ട്.

nation wide raids for ipl betting rackets
Author
New Delhi, First Published Oct 12, 2020, 7:48 AM IST

ദില്ലി: ഐപിഎല്ലിനെച്ചൊല്ലി വാതുവച്ച് ലക്ഷങ്ങളെറിഞ്ഞ കേസുകളിൽ രാജ്യവ്യാപക റെയ്ഡ്. ഇന്നലെ നടന്ന കളികളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നിരവധി സംഘങ്ങളെയാണ് ഇന്നലെ രാവിലെ മുതൽ രാത്രി വരെ പല റെയ്ഡുകളിലായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങൾ പിടികൂടിയത്. ഇവയെല്ലാം രാജ്യവ്യാപകമായി ഒരു റാക്കറ്റിന്‍റെ ഭാഗമാണോ അതോ പ്രാദേശിക വാതുവയ്പ്പ് സംഘങ്ങളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. ദില്ലി മുതൽ കോയമ്പത്തൂർ വരെ നിരവധി സ്ഥലങ്ങളിൽ ഇന്നലെ റെയ്‍ഡുകൾ നടന്നു. 

മിക്ക ഇടങ്ങളിലും തീവ്രവാദവിരുദ്ധസംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. നേരത്തേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദില്ലി, ഹൈദരാബാദ്, നാഗ‍്‍പൂർ, ഇൻഡോർ എന്നിവിടങ്ങളിൽ കൂട്ടപ്പരിശോധന നടത്തിയതെന്ന് എടിഎസ് എഡിജി അശോക് കുമാർ റാഥോർ വ്യക്തമാക്കി. 

ഇൻഡോർ പൊലീസ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ റെയ്ഡിൽ മൂന്ന് ഐപിഎൽ വാതുവപ്പ് സംഘങ്ങളാണ് പിടിയിലായത്. മധ്യപ്രദേശിൽ നിന്ന് മാത്രം 20 പേരാണ് അറസ്റ്റിലായത്. ഇൻഡോറിലെ രാജേന്ദ്രനഗറിൽ നിന്ന് 12 പേരും, ബൻഗംഗയിൽ നിന്ന് എട്ട് പേരും പിടിയിലായി. 

ഇവരിൽ നിന്ന് 18 മൊബൈൽ ഫോണുകളും, ഒരു ലാപ്ടോപ്പും, ഒരു എൽഇഡി ടിവിയും ഏഴ് ലക്ഷത്തിലധികം തുകയുടെ കൈമാറ്റം നടത്തിയതായി രേഖപ്പെടുത്തിയ ബുക്കിംഗ് റജിസ്റ്ററുകൾ എന്നിവ പിടിച്ചെടുത്തു. 41,000 രൂപ പണമായി ഇവരുടെ കയ്യിലുണ്ടായിരുന്നു. രത്‍ലാമിൽ നിന്ന് ഇൻഡോറിലെത്തിയാണ് ഇവർ വാതുവയ്പ്പ് നടത്തിയിരുന്നത്. വാതുവയ്പ്പ് നിരോധനനിയമവും ഐടി ആക്ടും ചുമത്തി ഇവർക്കെതിരെ കേസെടുത്തു. 

ദില്ലി ക്യാപിറ്റൽസും, രാജസ്ഥാൻ റോയൽസും തമ്മിൽ വെള്ളിയാഴ്ച നടന്ന കളിക്കിടെ വാതുവയ്ക്കുമ്പോഴാണ്, ബൻഗംഗയിൽ എട്ട് പേർ പിടിയിലായത്. ഇവരിൽ നിന്ന് ഒരു ലാപ്ടോപ്പും, ടിവിയും ഒരു മോഡവും 19 മൊബൈൽ ഫോണുകളും കാൽക്കുലേറ്ററും ഡയറികളും 14 ലക്ഷം രൂപ വരെ മറിഞ്ഞ തുകയുടെ കണക്കുകളുള്ള രേഖകളും പണമായി 75,000 രൂപയും പിടികൂടി.

ആന്ധ്രയിൽ നടത്തിയ കൂട്ടറെയ്‍ഡിൽ 18 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് പണവും പിടിച്ചെടുത്തു. രാജസ്ഥാനിലും ദില്ലിയിലും ഇന്ന് കൂട്ടത്തോടെ പരിശോധന നടക്കുന്നുണ്ട്. കോയമ്പത്തൂരിൽ അറസ്റ്റിലായത് ഒമ്പതംഗസംഘമാണ്. ഉത്തരാഖണ്ഡിൽ നാല് പേരും അറസ്റ്റിലായി.

Follow Us:
Download App:
  • android
  • ios