Asianet News MalayalamAsianet News Malayalam

സാക്ഷാൽ മലിംഗയെ ഒന്നുമല്ലാതാക്കി കളഞ്ഞ കോലി, ഇന്ത്യൻ ക്രിക്കറ്റിലെ 'പുതിയ മുഖം' ഈ 23കാരൻ;ത്രില്ലടിച്ച് പൃഥ്വി

മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 129 റണ്‍സടിച്ച ഗില്‍ ഐപിഎല്‍ റണ്‍വേട്ടയിലും ഒന്നാമതെത്തിയിരുന്നു. സീസണില്‍ ഗില്‍ നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ഏഴ് ഫോറും 10 സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്.

Prithviraj Sukumaran hails Shubman Gill's wonder innings against Mumbai Indians gkc
Author
First Published May 27, 2023, 10:30 AM IST

തിരുവനന്തപുരം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കിയ ശുഭ്മാന്‍ ഗില്ലിന്‍റെ ഇന്നിംഗ്സിനെ വാനോളം പുകഴ്ത്തി നടന്‍ പൃഥ്വിരാജ്. ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

2012ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 133 റണ്‍സടിച്ച കോലി മലിംഗയുടെ ഒരോവറില്‍ 24 റണ്‍സടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഫൈനലില്‍ എത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ വരവറിയിച്ച ഇന്നിംഗ്സായിരുന്നു അത്. ആ ഇന്നിംഗ്സ് ഓര്‍ത്തെടുത്താണ് പൃഥ്വിയുടെ ട്വീറ്റ്.

മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 129 റണ്‍സടിച്ച ഗില്‍ ഐപിഎല്‍ റണ്‍വേട്ടയിലും ഒന്നാമതെത്തിയിരുന്നു. സീസണില്‍ ഗില്‍ നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ഏഴ് ഫോറും 10 സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ അടുത്ത 17 പന്തില്‍ സെഞ്ചുറിയിലെത്തി. 49 പന്തിലാണ് ഗില്‍ സെഞ്ചുറി തികച്ചത്. ഈ സീസണില്‍ ഗുജറാത്തിന്‍റെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഗില്ലിലാണ് ഫൈനലിലും അവരുടെ പ്രതീക്ഷ. സീസണില്‍ ലഖ്നൗവിനെതിരായ മത്സരത്തില്‍ 94 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗില്ലിന് നേരിയ വ്യത്യാസത്തിലാണ് സെഞ്ചുറി നഷ്ടമായത്.

ടിം ഡേവിഡിന് മുമ്പെ വിഷ്ണു വിനോദിനെ ഇറക്കിയതില്‍ വിമര്‍ശനം; മറുപടി നല്‍കി രോഹിത്

ഇന്നലെ സെഞ്ചുറി നേടിയതോടെ പ്ലേ ഓഫിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡിനൊപ്പവും ഗില്‍ എത്തി.2014ലെ ഐപിഎല്‍ ഫൈനലില്‍ വൃദ്ധിമാന്‍ സാഹയും, 2022ലെ എലിമിനേറ്ററില്‍ രജത് പാടീദാറും 49 പന്തില്‍ സെഞ്ചുറി തികച്ചതിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഗില്‍ ഇന്നലെ എത്തിയത്. പതിനേഴാം ഓവറില്‍ അകാശ് മധ്‌വാളിന്‍റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഗില്‍ പുറത്താവുമ്പോള്‍ ഗുജറാത്ത് സ്കോര്‍ 192ല്‍ എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios