Asianet News MalayalamAsianet News Malayalam

കെ എല്‍ രാഹുലിന് രോഹിത്തിന്റെ അഭിനന്ദനം; എന്നാല്‍ സമയം നന്നായില്ല, കോലിയെ പരിഹസിച്ചതെന്ന് ആരാധകര്‍

രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ അല്ലായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായ സമയത്താണ് രോഹിത്തിന്റെ ട്വീറ്റ് വന്നത്. ഒരു റണ്‍സ് മാത്രമാണ് കോലി നേടിയിരുന്നത്. ഇതോടെ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.

rohit appaluds rahul but fans says he trolled virat
Author
Dubai - United Arab Emirates, First Published Sep 25, 2020, 6:04 AM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസി ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു കെ എല്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുറത്തെടുത്തത്. 69 പന്തില്‍ 14 ഫോറിന്റെയും ഏഴ് സിക്‌സുകളുടേയും അകമ്പടിയോടെ 132 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഇതിനിടെ രാഹുല്‍ നല്‍കിയ രണ്ട് അനായാസ അവസരങ്ങള്‍ ആസിബി ക്യാപ്റ്റന്‍ വിട്ടുകളഞ്ഞിരുന്നു. എങ്കിലും രാഹുലിനെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ട്വിറ്ററിലായിരുന്നു രോഹിത്തിന്റെ അഭിന്ദനസന്ദേശം. അതിങ്ങനെയായിരുന്നു... ''ക്ലാസിക് സെഞ്ചുറിയായിരുന്നത്. എല്ലാം കരുത്തുറ്റ ഷോട്ടുകള്‍.'' എന്നാല്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ അല്ലായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായ സമയത്താണ് രോഹിത്തിന്റെ ട്വീറ്റ് വന്നത്. ഒരു റണ്‍സ് മാത്രമാണ് കോലി നേടിയിരുന്നത്. ഇതോടെ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. രാഹുലിനെ അഭിനന്ദിച്ചതില്‍ ആരാധകര്‍ക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ കോലി പുറത്തായ സമയത്ത് തന്നെ സന്ദേശം വന്നത് കളിയാക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അവരത് ട്വീറ്റിന് താഴെ കമന്റിലൂടെ മറുപടി പറയുന്നുമുണ്ട്. 

ചില കമന്റുകള്‍ ഇങ്ങനെ... 'നല്ല സര്‍ക്കാസം, കോലി പുറത്താവാന്‍ കാത്തിരിക്കുകയായിരുന്നു?' എന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്‍ ചോദിച്ചത്. 'ട്വീറ്റിന്റെ ടൈമിംഗ് മികച്ചതായിരുന്നു.' എന്നായിരുന്നു മറ്റൊരു കമന്റ്. 'പൂര്‍ണമായും ഫിറ്റായ ഒരു ബാറ്റ്‌സ്മാന് 99 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി' എന്നായിരുന്നു മറ്റൊരു ക്രിക്കറ്റ് ആരാധകന്റെ കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ രോഹിത്തിന്റെ ട്വീറ്റിന് താഴെയുണ്ടായിരുന്നു.

ആര്‍സിബിക്കെതിരായ സെഞ്ചുറിയോടെ നിരവധി റെക്കോഡുകള്‍ രാഹുല്‍ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഒരു ടീം ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് രാഹുല്‍ അടിച്ചെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് രാഹുല്‍ മറികടന്നത്. ഐപിഎല്ലില്‍ ഒരിന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റേ പേരിലായി. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ അക്കൗണ്ടിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. 

ടൂര്‍ണമെന്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോഡും രാഹുലിന്റെ പേരിലായി. 60 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ 2000 പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രാഹുല്‍ മറികടന്നത്. 63 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 2000 റണ്‍സെടുത്തത്.

Follow Us:
Download App:
  • android
  • ios