Asianet News MalayalamAsianet News Malayalam

സൂര്യകുമാറിന് വേണ്ടി ഞാനാണ് വിക്കറ്റ് ത്യജിക്കേണ്ടിയിരുന്നത്; റണ്ണൗട്ടിനെ കുറിച്ച് രോഹിത് ശര്‍മ

രോഹിത് റണ്ണൗട്ടാകുമെന്ന് ഉറപ്പായതോടെ സൂര്യകുമാര്‍ യാദവ് ക്രീസ് വിടുകയായിരുന്നു. ഇതോടെ രോഹിത് പുറത്താവേണ്ടതിന് പകരം സൂര്യകുമാറിന് മടങ്ങേണ്ടിവന്നു.
 

Rohit Sharma Reacts To Suryakumar Yadav Selfless Gesture
Author
Dubai - United Arab Emirates, First Published Nov 11, 2020, 8:38 AM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലില്‍ ദയനീയ കാഴ്ച്ചയായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ റണ്ണൗട്ട്. മികച്ച ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യഥാര്‍ത്ഥത്തില്‍ തന്റെ വിക്കറ്റ് ക്യാപ്റ്റന് വേണ്ടി ത്യജിക്കുകയായിരുന്നു. 19 റണ്‍സ് റണ്‍സ് നേടി നില്‍ക്കെയാണ് സൂര്യകുമാര്‍ റണ്ണൗട്ടായി മടങ്ങുന്നത്. 11ാം ഓവറിലെ അവസാന പന്തില്‍ രോഹിത് ഇല്ലാത്ത റണ്‍സിനോടി. ക്രീസ് വിട്ടിറങ്ങുമ്പോള്‍ സൂര്യകുമാര്‍ ശബ്ദത്തോടെ വിലക്കി. ശ്രദ്ധിക്കാതിരുന്ന രോഹിത് പിച്ചിന്റെ പാതി പിന്നിടുകയും ചെയ്തിരുന്നു. രോഹിത് റണ്ണൗട്ടാകുമെന്ന് ഉറപ്പായതോടെ സൂര്യകുമാര്‍ യാദവ് ക്രീസ് വിടുകയായിരുന്നു. ഇതോടെ രോഹിത് പുറത്താവേണ്ടതിന് പകരം സൂര്യകുമാറിന് മടങ്ങേണ്ടിവന്നു. 

ഒട്ടും നിരാശയില്ലാതെയാണ് സൂര്യകുമാര്‍ മടങ്ങിയത്. മത്സരശേഷം അദ്ദേഹം അതിന കുറിച്ച് സംസാരിക്കുകയും ചെയ്തു. ''ആ സാഹചര്യത്തില്‍ ടീമിന് രോഹിത് ശര്‍മയുടെ സാന്നിധ്യം ആവശ്യമായിരുന്നു. അര്‍ധ സെഞ്ചുറിക്ക് അടുത്തായിരുന്നു രോഹിത്. മാത്രമല്ല, അദ്ദേഹം ഒരറ്റത്തുണ്ടെങ്കില്‍ ടീം ജയിക്കുമെന്ന തോന്നലുണ്ടാക്കി. അതുതന്നെയാണ് ക്രീസ് വിട്ടിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിയല്ല, ടീമിന്റെ വിജയമാണ് പ്രധാനം.'' സൂര്യകുമാര്‍ പറഞ്ഞു. 

നിര്‍ണായക തീരുമാനമെടുത്ത സൂര്യകുമാര്‍ യാദവിനെ കമന്റേറ്റര്‍മാര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സഹതാരങ്ങള്‍ കയ്യടിയോടെയാണ് താരത്തെ എതിരേറ്റത്. രോഹിത്താവട്ടെ 51 പന്തില്‍ 68 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടമാണിത്. ചരിത്രത്തിലെ അഞ്ചാമത്തേയും. 

അധികം വൈകാതെ സൂര്യകുമാറിന്റെ വാക്കുകള്‍ക്ക് ക്യാപ്റ്റന്റെ മറുപടിയും വന്നു. സൂര്യക്ക് വേണ്ടി എന്റെ വിക്കറ്റാണ് ത്യജിക്കേണ്ടിയിരുന്നതെന്ന് രോഹിത് പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു രോഹിത്. ''വളരെ പക്വതയേറിയ താരമാണ് സൂര്യകുമാര്‍. നിര്‍ണായക സമയത്ത് ഉത്തരവാദിത്തവും കാണിക്കാറുണ്ട്. ടൂര്‍ണമെന്റിലൊന്നാകെ മികച്ച ഫോമിലും. ഈയൊരു സാഹചര്യത്തില്‍ ഞാനാണ് വിക്കറ്റ് നല്‍കേണ്ടിയിരുന്നത്.'' രോഹിത് പറഞ്ഞു.

അഞ്ച് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Follow Us:
Download App:
  • android
  • ios