Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം സ്ഥാനം, സന്ദീപ് ശര്‍മയുടെ ആ നോ ബോള്‍ ഇല്ലായിരുന്നെങ്കില്‍ പ്ലേ ഓഫില്‍

ഒടുവില്‍ വീണ്ടുമെറിഞ്ഞ അവസാന പന്തില്‍ സമദിന്‍റെ സിക്സര്‍. തോറ്റ കളിയില്‍ ഹൈദരാബാദിന് അവിശ്വസനീയ ജയം. ആ ജയം കൊണ്ട് ഹൈദരാബാദിന് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടായില്ലെങ്കിലും രാജസ്ഥാന് ആ തോല്‍വി നഷ്ടമാക്കിയത് പ്ലേ ഓഫ് ബെര്‍ത്തായിരുന്നു.

Sandeep Sharma's no ball costs Rajasthan Royals play off berth gkc
Author
First Published May 22, 2023, 8:09 AM IST

ബെംഗലൂരു: ഒടുവില്‍ ലീഗ് റൗണ്ടിലെ അവസാന ദിനം ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫിലെത്താതെ പുറത്തായിരിക്കുന്നു. ഗില്ലാട്ടത്തിന്‍റെ കരുത്തില്‍ ആര്‍സിബിക്കെതിരെ ജയിച്ചത് ഗുജറാത്തായിരുന്നെങ്കിലും പ്ലേ ഓഫിലെത്തിയത് മുംബൈ ഇന്ത്യന്‍സാണ്.  ഗുജറാത്തിനെതിരെ തോറ്റതോടെ ആര്‍സിബി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഒരേയൊരു ജയം കൂടിയുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താമായിരുന്നു എന്ന് ഇപ്പോള്‍ കരുതുന്ന ആരാധകരുണ്ടാകും. ആ ജയം രാജസ്ഥാന്‍ സ്വന്തമാക്കിയതുമായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ. അവസാന പന്തില്‍ ജയത്തിലേക്ക് അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ ഹൈദരാബാദ് താരം അബ്ദുള്‍ സമദിന് നേടാനായത് ഒരേ ഒരു റണ്‍. നാലു റണ്‍സ് വിജയവുമായി വിജയച്ചിരി ചിരിച്ച് കൈകൊടുത്ത് ഗ്രൗണ്ട് വിടാനൊരുങ്ങുമ്പോഴാണ് മരണമണി പോലെ നോ ബോള്‍ സൈറണ്‍ മുഴങ്ങിയത്. ഞെട്ടിത്തരിച്ചുപോയെ രാജസ്ഥാന്‍ താരങ്ങളുടെ മുഖം വിവര്‍ണമായി.

ഒടുവില്‍ വീണ്ടുമെറിഞ്ഞ അവസാന പന്തില്‍ സമദിന്‍റെ സിക്സര്‍. തോറ്റ കളിയില്‍ ഹൈദരാബാദിന് അവിശ്വസനീയ ജയം. ആ ജയം കൊണ്ട് ഹൈദരാബാദിന് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടായില്ലെങ്കിലും രാജസ്ഥാന് ആ തോല്‍വി നഷ്ടമാക്കിയത് പ്ലേ ഓഫ് ബെര്‍ത്തായിരുന്നു. ആ മത്സരം ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ മുംബൈയെക്കാള്‍(-0.044) മുന്നിലുള്ള രാജസ്ഥാന്(0.148) 16 പോയന്‍റുമായി അനായാസം പ്ലേ ഓഫിലെത്താമായിരുന്നു.

ഹൈദരാബാദിനെതിരായ മത്സരം പോലെ തന്നെയായിരുന്നു മുംബൈക്കെതിരായ രാജസ്ഥാന്‍റെ തോല്‍വിയും. അവസാന ഓവറില്‍ ജയത്തിലേക്ക് 17 റണ്‍സ് വേണ്ടിയിരിക്കെ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തുകളിലും മുംബൈയുടെ ടിം ഡേവിഡ് പറത്തിയത് മൂന്ന് സിക്സുകള്‍. ഈ രണ്ട് അവസാന ഓവര്‍ തോല്‍വികളാണ് രാജസ്ഥാന്‍റെ വഴിയടച്ചത്. എങ്കിലും ജയിച്ചശേഷം അവസാന പന്ത് നോ ബോളായതിന്‍റെ പേരില്‍ തോല്‍ക്കുകയും അതുകൊണ്ട് പ്ലേ ഓഫ് സ്ഥാനവും നഷ്ടമായതിന്‍റെ നിരാശ അടുത്തകാലത്തൊന്നും രാജസ്ഥാനെ വിട്ടുപോവില്ല.

Follow Us:
Download App:
  • android
  • ios