ഷാര്‍ജ: വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണ് സഞ്ജു സാംസൺ ഷാര്‍ജയിൽ നൽകിയത്. ലീഗില്‍ ആദ്യമായി തുടര്‍ച്ചയായി 2 അര്‍ധസെഞ്ച്വറി
നേടാന്‍ സഞ്ജുവിനായി. ചെന്നൈക്കെതിരെ 9 സിക്സര്‍ പറത്തിയപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഒന്നിലൊതുങ്ങുന്നതല്ലേ പതിവെന്ന കുത്തുവാക്കുകളും ഉയര്‍ന്നു. എന്നാല്‍ സംശയാലുക്കള്‍ക്കെല്ലാം മറുപടിയായി ഷാര്‍ജയിൽ രണ്ടാം കൊടുങ്കാറ്റ്.

സല്യൂട്ടടിക്കാന്‍ കാത്തിരുന്ന കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്സര്‍ എന്ന വ്യക്തിഗത നേട്ടവും സഞ്ജുവിന് ലഭിച്ചു. നീഷമിനെയും മുരുഗന്‍ അശ്വിനെയും മാക്സ്വെ്ല്ലിനെയുമൊക്കെ അനായാസം നേരിട്ട് , 27 പന്തിലാണ് അര്‍ധസെഞ്ച്വറി നേട്ടം. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി നേടുന്നത് ആദ്യമാണ്. തെവാത്തിയ താളം കണ്ടെത്താന്‍ വിഷമിച്ചതോടെ നോൺസ്ട്രൈക്കിംഗ് എന്‍ഡിൽ നിന്ന സഞ്ജു അസ്വസ്ഥനായി. 

മാക്സ്വെല്ലിന്‍റെ ഓവറില്‍ 3 സിക്സര്‍ പറത്തി തിരിച്ചുവരവ്. അര്‍ഹിച്ച സെഞ്ച്വറിക്ക് 15 റൺസകലെ സഞ്ജു വീണത് നിരാശയായി. എങ്കിലും തെവാത്തതിയെയും ആര്‍ച്ചറിനെയും പ്രോത്സാഹിപ്പിച്ച് സഞ്ജു യഥാര്‍ത്ഥ ടീം മാനായി. ഐപിഎൽ അര്‍ധസെഞ്ച്വരിക്ക് തൊടടുപിന്നാലെയുള്ള ഇന്നിംഗ്സില്‍ 40 ആയിരുന്നു ഇതിനുമുന്‍പ് സ‍്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. 

ആരാധകരും നിരീക്ഷകരും ഒന്നുപോലെ ആഗ്രഹിച്ച സ്ഥിരത കൂടി സ‍്ജുവിന്‍റെ ബാറ്റിലേക്ക് എത്തുന്നത് സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകില്ല. ജോസ് ബ്ടലറെ കീപ്പറാക്കുകയും സഞ്ജുവിനെ ബൗണ്ടറിക്കരികിലേക്ക് ഫീൽഡിംഗിന് അയക്കുകയും ചെയ്തത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ധോണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ മത്സരം മുറുകുമ്പോള്‍  വിക്കറ്റിന് പിന്നിലും സഞ്ജുവിന് അവസരം ലഭിക്കേണ്ടത് അനിവാര്യമാണ്.