റാവല്‍പിണ്ടി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും മാറ്റിവയ്‌ക്കണമെന്ന് പാക് മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍. ഐപിഎല്‍ പതിനാലാം സീസണ്‍ പുരോഗമിക്കേയാണ് അക്‌തറിന്‍റെ ആവശ്യം. അതേസമയം ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്‌എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം ജൂണിലേക്ക് മാറ്റിവച്ചിരുന്നു. 

അക്‌തറിന്‍റെ വാക്കുകള്‍

'ഇന്ത്യ വിനാശകരമായ സാഹചര്യമാണ് നേരിടുന്നത്. കർശനമായ എസ്‌ഒ‌പികളില്ലാതെ ഐ‌പി‌എല്ലിന്‌ തുടരാൻ‌ കഴിയുന്നില്ലെങ്കിൽ‌ അവർ‌ അത് നിര്‍ത്തിവയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് മാറ്റിവയ്‌ക്കേണ്ടതാണ്. പിഎസ്‌എല്‍ മാറ്റിവച്ചത് കൊണ്ടല്ല ഞാനിത് പറയുന്നത്. ജൂണില്‍ പിഎസ്‌എല്‍ പുനരാരംഭിക്കരുത് എന്നാണ് എന്‍റെ ചിന്ത. 

ഐപിഎല്‍ പ്രധാനപ്പെട്ടതല്ല. ഐപിഎല്ലിനായി ചിലവഴിക്കുന്ന പണം കൊണ്ട് ഓക്‌സിജന്‍ ടാങ്കുകള്‍ വാങ്ങാം. മരണത്തില്‍ നിന്ന് ആളുകളെ ഇത് രക്ഷിക്കും. നമുക്ക് ക്രിക്കറ്റും ഹീറോകളും വിനോദവും ഈ സമയത്ത് ആവശ്യമില്ല. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. മനുഷ്യജീവന്‍ അപകടത്തിലായത് കൊണ്ടാണ് ഞാനീ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നത്.  

10 ശതമാനം ഓക്‌സിജന്‍ കപ്പാസിറ്റി മാത്രം അവശേഷിക്കുന്ന, ദുരന്തത്തിന് അരികെയാണ് പാകിസ്ഥാന്‍. ആളുകള്‍ എസ്‌ഒ‌പികള്‍ പാലിക്കുന്നില്ല. റമദാനിലെ അവസാന 10-15 ദിവസത്തേക്ക് കര്‍ഫ്യൂ നടപ്പിലാക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഈദ് ഷോപ്പിംഗിനായി പുറത്തിറങ്ങേണ്ടതില്ല. ആളുകള്‍ വളരെ ശ്രദ്ധാലുക്കളാവുകയും സ്വയം കരുതലുകള്‍ എടുക്കുകയും വേണം'. 

തന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് റാവല്‍പിണ്ടി എക്‌സ്‌പ്രസിന്‍റെ പ്രതികരണം.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കണമെന്ന് അക്‌തര്‍ കഴിഞ്ഞ ദിവസം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 'കൊവിഡുമായി ഇന്ത്യ പോരടിക്കുകയാണ്. ആഗോള സഹായം അനിവാര്യമാണ്. ആരോഗ്യരംഗം തകരുന്നു. ഇതൊരു മഹാമാരിയാണ്. നാം ഒറ്റക്കെട്ടായി നേരിടണം. പരസ്‌പരം പിന്തുണ നല്‍കണം' എന്നായിരുന്നു അക്‌തറിന്‍റെ വീഡിയോ സന്ദേശം.