ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലും തമ്മില്‍ അത്ര രസത്തിലല്ലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ മോശം പ്രകടനത്തിന് കാരണം കാര്‍ത്തികിന്റെ ആശയമില്ലാത്ത ക്യാപ്റ്റന്‍സിയാണെന്ന്ആന്ദ്രേ റസ്സല്‍ പരസ്യമായി പറഞ്ഞിരുന്നു. ടീമില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം അഭിപ്രായപ്പെട്ടിരുന്നു. അല്ലെങ്കില്‍ അത് ടീമിനെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ടീമില്‍ ഒരു ക്യാപ്റ്റന്‍കൂടിയുണ്ട്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഓയിന്‍ മോര്‍ഗന്‍. ഇത്രത്തോളം പരിചയസമ്പന്നനായ ഒരാള്‍ ടീമിനൊപ്പമുണ്ടാകുമ്പോള്‍ എന്തിനാണ് കാര്‍ത്തികിനെ ക്യാപ്റ്റന്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ പറയുന്നതും അതുതന്നെയാണ്. സീസണില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനം മോശമായാല്‍ മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. 

പാറ്റ് കമ്മിന്‍സിനെ കുറിച്ചും ഗവാസ്‌കര്‍ വാചാലനായി. ഇതിഹാസതാരത്തിന്റെ വാക്കുകളിങ്ങനെ... ''ആക്രമിച്ച കളിക്കുന്ന ബാറ്റ്‌സ്മാരെകൊണ്ട് സമ്പന്നമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ടീമിലെത്തുന്നത് അവരുടെ ശക്തി വര്‍ധിപ്പിക്കുന്നു. അപകടകാരിയായ ബാറ്റ്‌സ്മാനാണ് മോര്‍ഗന്‍. ആദ്യ നാലോ അഞ്ചോ മത്സരങ്ങില്‍ കൊല്‍ക്കത്തക്ക് മികച്ച കളിക്കാനായില്ലെങ്കില്‍ മോര്‍ഗനെ ക്യാപ്റ്റനാക്കാവുന്നതാണ്.'' ഗവാസ്‌കര്‍ പറഞ്ഞു. 

''ടീമിനെ മറ്റൊരു വന്‍താരമാണ് പാറ്റ് കമ്മിന്‍സ്. സീസണിലെ ഏറ്റവും ഉയര്‍ന്ന് തുകയ്ക്കാണ് താരം ടീമിലെത്തിയത്. ആ സമ്മര്‍ദം താരത്തിനുണ്ടാവും. മാത്രല്ല, ഇക്കഴിഞ്ഞ് ഇംഗ്ലണ്ട് പര്യടനത്തില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല താരത്തിന്റേത്. എന്നാല്‍ അത് കാര്യമാക്കേണ്ടതില്ല. അവസരത്തിനൊത്ത് ഉയരാന്‍ കമ്മിന്‍സിന് സാധിക്കും. എല്ലാ  സീസണിലും പോലെ ആന്ദ്രേ റസ്സലിന്റെ പ്രകടനവും ഇത്തവണ നിര്‍ണായകമാവും.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് കൊല്‍ക്കത്ത. അവ രണ്ടും ഗൗതം ഗംഭീര്‍ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു. കഴിഞ്ഞ സീസണില്‍ ആദ്യ നാലിലെത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. നാളെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം.