Asianet News MalayalamAsianet News Malayalam

ഗില്‍ ശരിക്കും ബുദ്ധിമുട്ടുന്നു; കൊല്‍ക്കത്തക്ക് പുതിയ ഓപ്പണിംഗ് സഖ്യത്തെ നിര്‍ദേശിച്ച് ഗവാസ്കര്‍

ഈ ഐപിഎല്ലില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 15, 33, 21, 0, 11, 9 എന്നിങ്ങനെയാണ് യുവതാരത്തിന്‍റെ സ്കോര്‍. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്തക്ക് പുതിയ ഓപ്പണിംഗ് സഖ്യം വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.

 

Sunil Gavaskar suggests new opening pair for Kolkata Knight Riders
Author
Mumbai, First Published Apr 27, 2021, 12:22 PM IST

മുംബൈ: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ച യുവതാരം ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനം തുടരുകയാണ്. ഈ ഐപിഎല്‍ കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ ഗില്ലായിരിക്കുമെന്ന കൊല്‍ക്കത്ത ടീം മെന്‍ററായ ഡേവിഡ് ഹസിയുടെ പ്രസ്താവനയൊന്നും ഗില്ലിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടില്ലെന്ന് ഇന്നലെ പഞ്ചാബിനെതിരായ പ്രകടനത്തിലും വ്യക്തമായി.

രണ്ട് ബൗണ്ടറിയോടെ ഒമ്പത് റണ്‍സെടുത്തെങ്കിലും മുഹമ്മദ് ഷമിക്ക് മുമ്പില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഒമ്പതു റണ്‍സുമായി ഗില്‍ മടങ്ങി. ഈ ഐപിഎല്ലില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 15, 33, 21, 0, 11, 9 എന്നിങ്ങനെയാണ് യുവതാരത്തിന്‍റെ സ്കോര്‍. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്തക്ക് പുതിയ ഓപ്പണിംഗ് സഖ്യം വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.

കഴിഞ്ഞ ആറ് മത്സരങ്ങളിലും ഗില്ലിനൊപ്പം നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഗില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ തിളങ്ങുന്ന രാഹുല്‍ ത്രിപാഠിയെ ഗില്ലിനൊപ്പം ഓപ്പണറാക്കുകയോ നിതീഷ് റാണയെ തന്‍റെ പഴയ പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയോ ചെയ്യാവുന്നതാണെന്നാണ് ഗവാസ്കറുടെ നിര്‍ദേശം. മൂന്നാം നമ്പറില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയിട്ടുള്ള കളിക്കാരനാണ് നിതീഷ് റാണ. അതുപോലെ ഈ സീസണില്‍ കൊല്‍ക്കത്തക്കായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന കളിക്കാരനാണ് ത്രിപാഠി.

ഇവരെ പരസ്പരം വെച്ചുമാറുകയോ മധ്യനിരയില്‍ പലസ്ഥാനങ്ങളിലായി ഇറക്കുന്ന സുനില്‍ നരെയ്നെ ഓപ്പണറാക്കുകയോ ചെയ്താല്‍ കൊല്‍ക്കത്തയുടെ തുടക്കം ഗംഭീരമാകുമെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ഓപ്പണറായി ഗില്‍ ശരിക്കും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ത്രിപാഠിയെയും സുനില്‍ നരെയെനെയും ഓപ്പണറാക്കി പരീക്ഷിക്കാവുന്നതാണെന്നും ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഉടന്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും ഗവാസ്കര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios