ദുബായ്: മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സൂര്യകുമാര്‍ യാദവ്. മധ്യനിരയ്ക്ക് കരുത്താകുന്നത് താരത്തിന്റെ പ്രകടനമാണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടമാണ് സൂര്യകുമാര്‍ പുറത്തെടുത്ത്. പുറത്താകാതെ നേടിയ 79 റണ്‍സാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. താരത്തിന്റെ ഉയര്‍ന്ന ഐപിഎല്‍ സ്‌കോറും ഇതായിരുന്നു. 2018ലാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 

കൊല്‍ക്കത്തയില്‍ ലോവര്‍ ഓര്‍ഡറിലായിരുന്നു സൂര്യകുമാര്‍ ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ബാറ്റിങ് കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത് വഴിത്തിരിവായി. രോഹിത് ശര്‍മയാണ് തന്റെ ക്രിക്കറ്റിനോടുള്ള സമീപനം മാറ്റിയതെന്നാണ് സൂര്യകുമാര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''2018 മുതല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനായി ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തുതുടങ്ങി. ക്യാപ്റ്റന്‍ രോഹിത്തിന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നത്. അദ്ദേഹം പറയുന്നതെല്ലാം ഞാന്‍ അതുപോലെ അനുസരിച്ചു. ഞാന്‍ അന്ധമായി അദ്ദേഹത്തിനെ വിശ്വസിക്കുന്നു. എന്റെ ഗെയിം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ എന്താണ് രോഹിത് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. 

രോഹിത് എല്ലായ്‌പ്പോഴും എന്റെ കൂടെതന്നെയുണ്ടായിരുന്നു. ഗ്രൗണ്ടില്‍, ജിമ്മില്‍, പരിശീലനത്തിനിടെ അദ്ദേഹം കൂടെതന്നെയുണ്ട്. ഞങ്ങള്‍ കാണുമ്പോഴെല്ലാം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. ഒരുപാട് മത്സര പരിചയമുള്ള താരമാണ് രോഹിത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.'' സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ലോവര്‍ ഓര്‍ഡറിലും ടോപ് ഓര്‍ഡറിലും ഞാന്‍ ബാറ്റിങ് ആസ്വദിച്ചിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ പഠിച്ചത് മുംബൈയില്‍ എത്തിയശേഷമാണെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്തമത്സരം.