Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2023ലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമിന്‍റെ പേരുമായി ടോം മൂഡി; അത് സിഎസ്‌കെ അല്ല

ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത് അത്ഭുതപ്പെടുത്തി എന്ന് ടോം മൂഡി 

Tom Moody picks most consistent side of IPL 2023 But that is not CSK jje
Author
First Published Jun 1, 2023, 3:58 PM IST

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേത് എന്ന വിലയിരുത്തലുകളുണ്ട്. വാശിയേറിയ മത്സരങ്ങളും ഒട്ടേറെ യുവതാരങ്ങളുടെ  വരവറിയിക്കലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അഞ്ചാം കിരീട നേട്ടവുമെല്ലാം സീസണിന്‍റെ മേന്‍മയായി പലരും കണക്കാക്കുന്നു. ഓസ്ട്രേലിയന്‍ ഇതിഹാസം ടോം മൂഡിയുടെ അഭിപ്രായത്തില്‍ ഐപിഎല്‍ 2023ല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച ടീം ഗുജറാത്ത് ടൈറ്റന്‍സാണ്. കിരീടപോരാട്ടത്തില്‍ സിഎസ്‌കെയോട് തോറ്റെങ്കിലും സീസണിലെ ഏറ്റവും മികച്ച സംഘം ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരുമാണ് എന്ന് മൂഡി വിലയിരുത്തുന്നു. 

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത് എന്നെ അത്ഭുതപ്പെടുത്തി. അവരായിരുന്നു എന്‍റെ ഫേവറൈറ്റ് ടീം. എല്ലാ ഡിപാര്‍ട്‌മെന്‍റിലും മികച്ച താരങ്ങളുണ്ടായിരുന്നു. അവരുടെ ബാറ്റിംഗ് വളരെ ശക്തവും ആഴമുള്ളതുമായിരുന്നു. ഈ സീസണില്‍ ഏറ്റവും സ്ഥിരത കാണിച്ച ടീം ടൈറ്റന്‍സാണ്. കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചതും ഗുജറാത്താണ്. പ്ലേ ഓഫിലെത്തിയ ശേഷം സിഎസ്‌കെയോട് ക്വാളിഫയര്‍ ഒന്നില്‍ ടൈറ്റന്‍സ് 15 റണ്ണിന് തോറ്റു. ഇതിന് ശേഷം ഫൈനലിലെത്താനുള്ള രണ്ടാം അവസരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം ക്വാളിഫയറില്‍62 റണ്‍സിന് തോല്‍പിച്ചു. അടുത്ത കിരീടവും നേടുന്നതിലായിരുന്നു ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കണ്ണുകള്‍ എല്ലാം എന്നും ടോം മൂഡി കൂട്ടിച്ചേര്‍ത്തു. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മഴനിയമ പ്രകാരം അഞ്ച് വിക്കറ്റിന് തോല്‍പിച്ച് എം എസ് ധോണിയുടെ സിഎസ്‌കെ അഞ്ചാം കിരീടം ഉയര്‍ത്തുകയായിരുന്നു. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഇന്നിംഗ്സിലെ അവസാന പന്തുകളില്‍ രവീന്ദ്ര ജഡേജയുടെ സിക്‌സറും ഫോറുമായി 5 വിക്കറ്റ് നഷ്‌ടത്തില്‍ ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് എം എസ് ധോണി ഒപ്പമെത്തിയിരുന്നു. 

Read more: ധോണിയുടെ കാല്‍മുട്ടിലെ ചികില്‍സ, വിരമിക്കല്‍; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios