കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനായി അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ നല്ല തുടക്കമിട്ടശേഷം പിന്നീട് നിറം മങ്ങുന്നത് പതിവാകകിയപ്പോള്‍ കോലിയോട് അദ്ദേഹത്തിന്‍റെ മെന്‍ററാവാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.

അഹമ്മദാബാദ്: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഒരു പരിശീലകനാവാനുള്ള എല്ലായ യോഗ്യതയുമുള്ള കളിക്കാരനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെന്ന് ബാംഗ്ലൂര്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സൈമണ്‍ കാറ്റിച്ച്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ യുവതാരം ദേവ്ദത്ത് പടിക്കലിനെ കോലി എങ്ങനെയാണ് മെന്‍റര്‍ ചെയ്തത് എന്ന് തനിക്കറിയാമെന്നും അതുകൊണ്ടാണ് കോലി പരിശീലകനാവണമെന്ന് പറയുന്നതെന്നും കാറ്റിച്ച് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനാണ് വിരാട് കോലി. ഇന്ത്യന്‍ ടീമിനൊപ്പം ഇനിയുമേറെ നേട്ടം കൊയ്യാനുമുണ്ട്. കോലിയുടെ കഠിനാധ്വാനവും അച്ചടക്കവും കഴിവും കാണുമ്പോള്‍ ഒരു പരിശീലകനാവാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്. അദ്ദേഹം പറയുന്നത് കളിക്കാര്‍ കേള്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല-ബിബിസി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ കാറ്റിച്ച് വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനായി അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ നല്ല തുടക്കമിട്ടശേഷം പിന്നീട് നിറം മങ്ങുന്നത് പതിവാകകിയപ്പോള്‍ കോലിയോട് അദ്ദേഹത്തിന്‍റെ മെന്‍ററാവാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. 20-30 പന്തുകള്‍ കളിച്ചു കഴിയുമ്പോഴേക്കും പലപ്പോഴും ക്ഷീണിതനായി പിഴവുകള്‍ വരുത്തി പുറത്താവുന്ന പടിക്കലിനോട് കായികക്ഷമത ഉയര്‍ത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് കോലി ആദ്യം പറഞ്ഞത്.

പിന്നീട് എതിരാളികള്‍ എങ്ങനെയാകും തനിക്കെതിരെ പന്തെറിയുക അതിനെ എങ്ങനെ നേരിടണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പടിക്കലിനോട് കോലി പങ്കുവെച്ചു. പടിക്കലിന്‍റെ കഠിനാധ്വാനം കൂടിയായപ്പോള്‍ അയാള്‍ മികച്ചൊരു കളിക്കാരനായി വളര്‍ന്നു. തന്‍റെ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കയും അവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്ന കോലിയുടെ രീതി അദ്ദേഹത്തെ മികച്ച പരിശീലകനാക്കുമെന്നും കാറ്റിച്ച് വ്യക്തമാക്കി.

Also Read: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌