Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് സിഎസ്കെ എന്ന് ബ്രാവോ, തര്‍ക്കിച്ച് പൊള്ളാര്‍ഡ്-വീഡിയോ

എന്നാല്‍ മംബൈ ഇന്ത്യന്‍സ് ചെന്നൈക്ക് മുമ്പെ അഞ്ച് ഐപിഎല്‍ കിരീടം നേടിയ കാര്യവും ഇരു ടീമിനും അഞ്ച് കിരീടങ്ങള്‍ വീതമാണുള്ളതെന്നും പൊള്ളാര്‍ഡ് ബ്രാവോയെ ഓര്‍മിപ്പിക്കുമ്പള്‍ ചെന്നൈക്ക്  ചാമ്പ്യന്‍സ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ പൊള്ളാര്‍ഡിന് മറുപടി നല്‍കി.

Watch Dwayne Bravo and Kieron Pollard engage in banter on which is the better team in IPL gkc
Author
First Published Jun 2, 2023, 8:39 AM IST | Last Updated Jun 2, 2023, 8:39 AM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം നേടയിതിന്‍റെ ആഘോഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ കീഴടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കിരീടനേട്ടങ്ങളില്‍ സി എസ് കെ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തുകയും ചെയ്തു.

കിരീടനേട്ടത്തില്‍ ഒപ്പമാണെങ്കിലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് തുറന്നുപറയുകയാണ് ചെന്നൈയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഈ സീസണിലെ ബൗളിംഗ് പരിശീലകനുമായിരുന്ന ഡ്വയിന്‍ ബ്രാവോ. മുംബൈയുടെ ഇതിഹാസ താരവും ഈ സീസണിലെ ബാറ്റിംഗ് പരിശീലകനുമായിരുന്ന കെയ്റോണ്‍ പൊള്ളാര്‍ഡിനൊപ്പം കാറിലിരുന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെക്കുറിച്ച് ബ്രാവോയുടെ തുറന്നു പറച്ചില്‍.

പുത്തന്‍ ഡിസൈനുകള്‍, പത്തരമാറ്റ് തിളക്കം; ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി അഡിഡാസ്

എന്നാല്‍ മംബൈ ഇന്ത്യന്‍സ് ചെന്നൈക്ക് മുമ്പെ അഞ്ച് ഐപിഎല്‍ കിരീടം നേടിയ കാര്യവും ഇരു ടീമിനും അഞ്ച് കിരീടങ്ങള്‍ വീതമാണുള്ളതെന്നും പൊള്ളാര്‍ഡ് ബ്രാവോയെ ഓര്‍മിപ്പിക്കുമ്പള്‍ ചെന്നൈക്ക്  ചാമ്പ്യന്‍സ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ പൊള്ളാര്‍ഡിന് മറുപടി നല്‍കി. എത്ര എണ്ണമെന്ന പൊള്ളാര്‍ഡിന്‍റെ ചോദ്യത്തിന് ചെന്നൈ രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെന്നും മുംബൈക്ക് ഒരു തവണ മാത്രമെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനായിട്ടുള്ളൂവെന്നും ബ്രാവോ ഓര്‍മപ്പിക്കുന്നു.

തുടര്‍ന്ന് കളിക്കാരനെന്ന നിലയിലെ കിരീടങ്ങളെടുത്താലും താന്‍ പൊള്ളാര്‍ഡിനെക്കാള്‍ മുന്നിലാണെന്ന് ബ്രാവോ പറഞ്ഞു. നീ എത്ര കിരീടം നേടിയിട്ടുണ്ടെന്ന പൊള്ളാര്‍ഡിന്‍റെ ചോദ്യത്തിന്  ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ 17 കിരീടങ്ങള്‍ തനിക്കുണ്ടെന്ന് ബ്രാവോ പറഞ്ഞു. നിങ്ങള്‍ക്കോ എന്ന ബ്രാവോയുടെ ചോദ്യത്തിന് എണ്ണിയിട്ടില്ല എന്നായിരുന്നു പൊള്ളാര്‍ഡിന്‍റെ മറുപടി. എന്നാല്‍ താന്‍ എണ്ണിയിട്ടുണ്ടെന്നും 15 എണ്ണമെ ഉള്ളൂവെന്നും തനിക്കൊപ്പമെത്താന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും ബ്രാവോ പൊള്ളാര്‍ഡിനെ ഉപദേശിച്ചു.

അതുകൊണ്ട് തന്‍റെ പേര് പറയുമ്പോള്‍ കുറച്ച് ബഹുമാനമൊക്കെ ആവാമെന്നും പറഞ്ഞാണ് ബ്രാവോ സംഭാഷണം അവസാനിപ്പിക്കുന്നത്. ഐപിഎല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി ഒരുമിച്ച് കളിച്ചിട്ടുള്ള ബ്രാവോയും പൊള്ളാര്‍ഡും നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ബ്രാവോ ചെന്നൈ സൂപ്പര്‍ കിംഗ്സിലാണ് കൂടുതല്‍ തിളങ്ങിയത്. വെസ്റ്റ് ഇന്‍ഡീസ് ടീമിലും സഹതാരങ്ങളായിരുന്ന ഇരുവരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കൂടിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios