Asianet News MalayalamAsianet News Malayalam

ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ല: സഞ്ജു സാംസൺ

രാജസ്ഥാൻ തുടക്കത്തിൽ തകർന്നടിഞ്ഞപ്പോൾ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നുവെന്ന് രാജസ്ഥാൻ നായകനായ സഞ്ജു മത്സരശേഷം പറഞ്ഞു. മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിം​ഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു.

Wont take that single if i get chance 100 times again sasys Sanju Samson
Author
Mumbai, First Published Apr 16, 2021, 8:47 AM IST

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു‌ മലയാളി താരത്തിന്റെ ആ​ദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡൽഹിയെ 147 റൺസിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല. കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച സഞ്ജുവടക്കം മുൻനിര 42 റൺസെടുക്കുന്നതിനിടെ കൂടാരം കയറി.

42-5 എന്ന സ്കോറിൽ പരാജയം മുന്നിൽ കണ്ട രാജസ്ഥാന് ആദ്യം ഡേവിഡ് മില്ലറും(62) അവസാനം ക്രിസ് മോറിസും(18 പന്തിൽ 36*) നടത്തിയ വെടിക്കെട്ട് ഇന്നിം​ഗ്സുകളാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. കടുത്ത രാജസ്ഥാൻ ആരാധകർ പോലും വിജയപ്രതീക്ഷ കൈവിട്ടപ്പോഴായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട്.

രാജസ്ഥാൻ തുടക്കത്തിൽ തകർന്നടിഞ്ഞപ്പോൾ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നുവെന്ന് രാജസ്ഥാൻ നായകനായ സഞ്ജു മത്സരശേഷം പറഞ്ഞു. മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിം​ഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ രാജസ്ഥാൻ 42-5 എന്ന സ്കോറിൽ തകർന്നടിഞ്ഞപ്പോൾ ഞാൻ വിജയപ്രതീക്ഷ കൈവിട്ടിരുന്നു. പക്ഷെ ഞങ്ങളുടെ താരങ്ങൾ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

പഞ്ചാബ് കിം​ഗ്സിനെതിരായ ആദ്യ മത്സരത്തിൽ ക്രിസ് മോറിസിന് അഞ്ചാം പന്തിൽ സിം​ഗിളെടുത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതിനെയും സഞ്ജു ന്യായീകരിച്ചു. ഓരോ മത്സരത്തിനുശേഷവും എന്റെ  പ്രകടനങ്ങളെ ഞാൻ വിശദമായി വിലയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ലായിരുന്നു-സഞ്ജു പറഞ്ഞു.

Follow Us:
Download App:
  • android
  • ios