കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കിയുള്ള ക്രൂയീസ് ടൂറിസം പദ്ധതിക്കായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.

ഗതാഗത മേഖലയുടെ ആകെ ബജറ്റ് വിഹിതം മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍ നിന്നും 1788.67 കോടിയായി ഈ ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസുകൾ, ഷിപ്പിം​ഗ് മേഖല എന്നിവയ്ക്ക് 80.13 കോടി രൂപ ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്. 

റോഡ് മാ‍ർ​ഗമുള്ള ചരക്കുനീക്കത്തിൻ്റെ ഇരുപത് ശതമാനം തീരദേശ ഷിപ്പിം​ഗിലേക്ക് മാറ്റാൻ സ‍ർക്കാർ ലക്ഷ്യമിടുന്നു ഈ പദ്ധതിക്കായി ബജറ്റിൽ പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അഴീക്കൽ, ബേപ്പൂ‍ർ, കൊല്ലം,വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിൽ ചരക്കുനീക്കത്തിനും ​ഗതാ​ഗതത്തിനുമായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 41.51 കോടി വകയിരുത്തിയിട്ടുണ്ട്. 

വിഴിഞ്ഞം കാ‍ർ​ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖം എന്നിവയുടെ വികസനത്തിനായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശയാത്ര ടെ‍ർമിനൽ സ്ഥാപിച്ച് ആലപ്പുഴ തുറമുഖത്തെ സമുദ്രവിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ 2.5 കോടി വകയിരുത്തി. 

പ്രതിവര്‍ഷം നടക്കുന്ന ചരക്ക് നീക്കത്തിൻ്റേയും യാത്രക്കാരുടെ എണ്ണത്തിൻ്റേയും അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്ത തുറമുഖമായ ബേപ്പൂ‍രിന് ഈ ബജറ്റിൽ കാര്യമായവകയിരുത്തലുണ്ട്. കോവിലകം ഭൂമിയിലെ ​ഗോഡൗൺ നിർമ്മാണം, ചാനലിൻ്റേയും ബേസിൻ്റേയും ഡ്രഡ്ജിം​ഗ്, 200 മീറ്റ‍ർ വാർഫ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ തുറമുഖത്തിന് 15 കോടി വകയിരുത്തി.