ആലപ്പുഴ: അഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ നിശബ്ദ പ്രചാരണ ദിവസം അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവും പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഒരിക്കല്‍കൂടി വോട്ടുറപ്പാക്കുകയാണ്. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീടുകളില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. 

ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ കൂടുതലായുള്ള എഴുപുന്ന തുടങ്ങിയ പഞ്ചായത്തുകളിലെ പള്ളികളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു ഷാനിമോള്‍ ഉസ്മാന്‍റെ തുടക്കം. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമമെന്നും വോട്ടര്‍മാരുടെ പ്രതികരണം കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. അരൂര്‍ മണ്ഡലം യുഡിഎഫിനൊപ്പമാണ്. അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. അതിന്‍റെ ആവര്‍ത്തനം ഉണ്ടാവുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

നിശബ്ദപ്രചാരണ ദിവസം പരാമവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലും പറഞ്ഞു. യുഡിഎഫിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയും. ഓരോ സമയത്തും പിന്തുണയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. തുറവൂര്‍ അമ്പലത്തില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ പ്രചാരണം ആരംഭിച്ചത്. അരൂരിലെ 10 പ‍ഞ്ചായത്തുകളിലെത്തി പ്രധാന വോട്ടര്‍മാരെ കാണാനാണ് പ്രകാശ് ബാബുവിന്‍റെ തീരുമാനം. എല്ലാ വിശ്വാസികളുടെയും വോട്ട് ലഭിക്കുമെന്ന് പറഞ്ഞ പ്രകാശ് ബാബു എൻഎസ്എസിന്‍റെയും ബിഡിജെഎസിന്‍റെയും എസ്എന്‍ഡിപിയുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

2016 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 38519 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എ എം ആരിഫിന് ലഭിച്ചത്. എന്നാല്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് എത്തുമ്പോള്‍ യുഡിഎഫിന് പ്രചാരണത്തില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവസാനവട്ട പ്രചാരണരംഗത്ത് ഏതാണ്ട് ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മൂന്ന് മുന്നണികളും. സിറ്റിങ്ങ് സീറ്റായ മറ്റ് നാലുമണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം അരൂര്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍  മണ്ഡലം നിലനിര്‍ത്തുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചടത്തോളം പ്രധാനമാണ്.