തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട മെഷീനുകളെ ഓൺലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായി. തുടർന്ന് മെഷീനുകൾ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ റിട്ടേണിംഗ് ഓഫീസർ ജിയോ ടി മനോജിന് കൈമാറി. 168 ബൂത്തുകളിൽ ഉപയോഗിക്കാനുള്ള മെഷീനുകളാണ് കൈമാറിയത്. ഇവ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.

202 കൺട്രോൾ യൂണിറ്റുകൾ, 202 ബാലറ്റ് യൂണിറ്റുകൾ, 219 വിവി പാറ്റ് എന്നിവയാണ് കൈമാറിയത്. മെഷീനുകളുടെ വിതരണവും വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്‍റ്മേരീസിൽ സുശക്തമായ സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. കേന്ദ്രപൊലീസ്, ആംഡ് ബറ്റാലിയൻ, കേരളപൊലീസ് എന്നിവയുടെ ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെയുള്ളത്.

14ന് രാവിലെ മെഷീനുകളിൽ ബാലറ്റ് പതിക്കുന്ന പ്രക്രിയ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഒരുക്കങ്ങളും പൂർണമാകുകയാണ്. മണ്ഡലത്തിലെ 48 സെൻസിറ്റീവ് ബൂത്തുകളിൽ 37 എണ്ണത്തിൽ വെബ്കാസ്റ്റിംഗ് നടത്തും. 11 എണ്ണത്തിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം 16,17,18 തീയതികളിൽ നടക്കും. 

കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാൾ, ഫോറസ്റ്റ് ഹെഡ്‌ക്വോർട്ടേഴ്‌സിലെ വനശ്രീ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിശീലനം. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്‌ക്വാഡുകൾ, പൊതുസ്ഥലത്തെ നിയമവിരുദ്ധ പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫെയ്‌സ്‌മെന്റ് ടീം, പണം, മയക്കുമരുന്ന് എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കുന്ന സർവയലൻസ് ടീം എന്നിവ മണ്ഡലത്തിൽ മുഴുവൻസമയ നിരീക്ഷണം നടത്തുന്നുണ്ട്.