Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വിൽപനാനുമതിയില്ല; സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കാട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ കമ്പനിക്ക് വിൽപനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് റദാക്കിയത്.

kerala high court permission cancelled for nagaland lottery
Author
Kochi, First Published May 17, 2021, 10:56 AM IST

കൊച്ചി: ഇതര സംസ്ഥാന ലോട്ടറികൾക്ക് കേരളത്തിൽ വിൽപ്പനാനുമതിയില്ല. വിൽപ്പന നിയന്ത്രിച്ച് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ശരിവെച്ചു. സർക്കാറിന്‍റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബ‌ഞ്ച് ഉത്തരവ് ഡിവിഷൻ ബ‌ഞ്ച് റദ്ദാക്കി. 2006 മുതൽ നടത്തിയ നിയമ യുദ്ധത്തിന്‍റെ വിജയമാണിതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ പ്രവർത്തനം തടയാൻ 2018 ലാണ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. പേപ്പർ ലോട്ടറി നിയമത്തിലും, വിൽപ്പന നികുതി നിയമത്തിലുമായിരുന്നു ഭേദഗതികൾ. സാന്‍റിയോഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കാട്ടെ ഫ്യൂച്ചർ ഗെയിംമിംഗ് സൊലൂഷന് പുതിയ ഭേദഗതി അനുസരിച്ച് സർക്കാർ പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ കമ്പനി  നൽകിയ ഹർജിയിലാണ് സിംഗിൾ ബ‌ഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. 

ലോട്ടറി കേന്ദ്ര വിഷയമാണെന്നും നിയമം കൊണ്ടുവരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു വിധി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി ഡിവിഷൻ ബ‌ഞ്ചിനെ സമീപിച്ചത്. ഇതര സംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് നിയമപരമാണെന്ന് ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. സർക്കാർ വിജ്ഞാപനം റദ്ദാക്കി ലോട്ടറികൾക്ക് പ്രവർത്തനാനുമതി നൽകിയ സിംഗിൾ ബ‌ഞ്ച് ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. വിൽപ്പന നിയന്ത്രിച്ച് ഉത്തരവിറക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ് വി ഭട്ടി, ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങിയ ഡിവിഷൽ ബ‌ഞ്ച് വ്യക്തമാക്കി. 

അതേസമയം, കേരളത്തിൽ വിൽപ്പന നടത്തുന്ന ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സംസ്ഥാനം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിലെ വിജയം ദീർഘകാലമായി നടത്തിവരുന്ന നിയമ പോരാട്ടത്തിന്‍റെ വിജയമാണെന്ന് ഓർമ്മിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നു. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള നിയമ ഭേദഗതിയിലൂടെ അ‌ഞ്ച് കൊല്ലം മാഫിയാ സംഘത്തെ അകറ്റി നിർത്താൻ കഴിഞ്ഞു. എൽഡിഎഫ് സർക്കാർ ഭരണതുടർച്ചയിലേക്ക് നീങ്ങുന്ന അവസരത്തിൽ ഈ വിജയം മധുരതരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios