കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നി‍ർണായക ഉത്തരവ് വന്നത്. നാഗാലാൻഡ് സർക്കാരിന്‍റെ ലോട്ടറി വിൽപ്പനയിൽ ഇടപെടാൻ സംസ്ഥാന സ‍ർക്കാരിന് അവകാശമില്ല. കേന്ദ്ര സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് ലോട്ടറി വിൽക്കുന്നത്. ഈ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതിന് തടസമില്ല. 

ഇതരസംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയും സിംഗിൾ ബെഞ്ച് റദ്ദാക്കി. കേരളത്തിൽ സംസ്ഥാന സ‍ർക്കാരിന്‍റെ ലോട്ടറി വിൽപ്പനയുണ്ട്. ഇവിടെ സമ്പൂ‍ർണ ലോട്ടറി നിരോധിത മേഖലയാണെങ്കിൽ മാത്രമേ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുളളു. അല്ലാത്തപക്ഷം നിയമഭേദഗതി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചു. 

സാന്‍റിയാഗോ മാർട്ടിന്‍റെ ഉടമസ്ഥതയിലുളള ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. ഇതോടെ സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്കുളള വിലക്ക് നീങ്ങി. നികുതി വെട്ടിച്ച് ലോട്ടറി വിൽപ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു. ഉത്തരവിന്‍റെ മറപറ്റി മറ്റ് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനക്കാരും സമാന ഉത്തരവിനായി ഹൈക്കോടതിയെ സമീപിച്ചേക്കും.