തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതത്തിലായ ഒരു വിഭാ​ഗമാണ് ലോട്ടറി കച്ചവടക്കാർ. ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിതം തള്ളി നീക്കിയിരുന്ന ഇവർ ഇപ്പോൾ സുമനസുകളുടെ സഹായത്തോടെയാണ് കഴിഞ്ഞ് പോകുന്നത്. ഇവരിൽ ഒരാളാണ് രവീന്ദ്രൻ എന്ന അറുപത്തെട്ടുകാരൻ.

തിരുവനന്തപുരം കഠിനംകുളം ചാന്നാങ്കര സ്വദേശിയാണ് ഈ മധ്യവയസ്കൻ. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ലോട്ടറി വിറ്റാണ് രവീന്ദ്രന്റെ ജീവിതം. പൊക്കകുറവ് കാരണം മറ്റ് പണികൾക്ക് പോകാൻ സാധിക്കാത്തതിനാൽ ലോട്ടറി വിറ്റുകിട്ടുന്ന പണവും വികലാം​ഗ പെൻഷനും കൊണ്ടാണ് രോ​ഗിയായ ഭാര്യ കനകമ്മയ്ക്കൊപ്പം രവീന്ദ്രൻ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ലോട്ടറി ടിക്കറ്റ് വിൽപന നിർത്തലാക്കിയതും. ഏക വരുമാനമാർ​ഗം നിലച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രവീന്ദ്രൻ.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു."കച്ചവടം ഇല്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്. മനസാക്ഷിയുള്ള ആരെങ്കിലും എന്തൊങ്കിലുമൊക്കെ തന്നാണ് കഴിഞ്ഞ് പോകുന്നത്. രണ്ട് ആൺമക്കൾക്ക് കുടുംബങ്ങൾ ആയതോടെ അതിന്റേതായ പ്രശ്നങ്ങളും ഉണ്ട്. ആരോടും ഒന്നും പറയാനില്ലാത്ത അവസ്ഥ. ഏക വരുമാനമായിരുന്നു ലോട്ടറി കച്ചവടം" രവീന്ദ്രൻ പറയുന്നു.

കനകമ്മയും രവീന്ദ്രനും വിവാഹം കഴിഞ്ഞിട്ട്  നാല്പത് വർഷമായി. മുമ്പ് ചെറിയ അസുഖങ്ങൾ ഉണ്ടായിരുന്ന കനകമ്മയ്ക്ക് ഇടയ്ക്ക് യൂട്രസിന്റെ ഒപ്പറേഷൻ ഉണ്ടായിരുന്നു. ഇതോടെ അവരുടെ ആരോ​ഗ്യം ക്ഷയിച്ചു. ചാന്നാങ്കരയിൽ കയർ തൊഴിലാളിയായിരുന്ന കനകമ്മയ്ക്ക് ഇതോടെ ജോലിക്ക് പോകാൻ സാധിക്കാതായി. ഈ വരുമാനം നിലച്ചതോടെ ലോട്ടറി വിൽപനയും പെൻഷനും മാത്രമായി രവീന്ദ്രന്റെ ഏക ആശ്രയം. കഠിനംകുളം ചാന്നാങ്കര പ്രദേശത്താണ് ഇദ്ദേഹം ടിക്കറ്റ് വിൽപ്പന നടത്തി വരുന്നത്.

"ആദ്യം ഏജൻസിയിൽ നിന്ന് നേരിട്ടായിരുന്നു ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നത്. അപ്പോൾ എനിക്ക് അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞ് പോകാനുള്ള സൗകര്യം ഉണ്ടായിരുന്നു. മക്കളെ വളർത്തിയതും ലോട്ടറി കൊണ്ടുതന്നെയാണ്. എന്നാൽ, പെട്ടെന്നായിരുന്നു കച്ചവടം നഷ്ടത്തിലായത്. കടക്കെണിയിലായി. ബാക്കി വന്ന ടിക്കറ്റുകളെല്ലാം തീയിട്ടു. ഇപ്പോൾ കൊണ്ടുനടന്ന് വിൽക്കുനനവരുടെ പക്കൽ നിന്നാണ് രണ്ടോ മൂന്നോ ബുക്ക് എടുക്കുന്നത്. ഈ ടിക്കറ്റ് വിറ്റാൽ ഒരു ദിവസം 200 രൂപ ലഭിക്കും." രവീന്ദ്രൻ പറഞ്ഞു. 

ലോട്ടറികളുടെ വില കൂട്ടിയതിന് ശേഷം അമ്പത് ടിക്കറ്റുകൾ വരെ മാത്രമാണ് വിൽക്കുന്നതെന്നും തന്റെ അവസ്ഥ കണ്ട് എല്ലാവരും ടിക്കറ്റ് വാങ്ങാറുണ്ടെന്നും രവീന്ദ്രൻ വ്യക്തമാക്കുന്നു. 17മത്തെ വയസിൽ സർക്കസ് അധികൃതർ രവീന്ദ്രനെ സർക്കസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പല കാരണങ്ങളാൽ സർക്കസിലേക്ക് പോകാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടനെ തന്നെ നിലവിലെ അവസ്ഥമാറി ലോട്ടറി വിൽപന പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് രവീന്ദ്രൻ ഇപ്പോൾ.