ലോട്ടറിയടിച്ച് ലഭിച്ച പണം അനാവശ്യമായി ചിലവഴിക്കാതെ സ്വസ്തമായി ജീവിതം നയിക്കുന്നതിനിടെയാണ് ജയപാലന് ഭീക്ഷണി കത്ത്
കൊച്ചി: ഇത്തവണത്തെ ഓണം ബംപർ (Thiruvonam Bumper 2021) ലോട്ടറി വിജയിയായ (Lottery winner) കൊച്ചി മരട് സ്വദേശി ജയപാലനെ (Jayapalan) തേടി വീണ്ടും ഭീക്ഷണി കത്ത്. സഹായിച്ചില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്ന കത്ത് തപാല്‍ മാർഗം രണ്ടുതവണ ലഭിച്ചതോടെ ജയപാലന്‍ പോലീസില്‍ പരാതി നല്‍കി. മരട് പോലീസ് അന്വേഷണം തുടങ്ങി.
ലോട്ടറിയടിച്ച് ലഭിച്ച പണം അനാവശ്യമായി ചിലവഴിക്കാതെ സ്വസ്തമായി ജീവിതം നയിക്കുന്നതിനിടെയാണ് ജയപാലന് ഭീക്ഷണി കത്ത്. ഒരു മാസത്തിനിടെയാണ് രണ്ട് കത്തുകൾ ലഭിച്ചത്. രണ്ടും അയച്ചിരിക്കുന്നത് തൃശൂര്‍ ചേലക്കരയില്‍ നിന്നാണ്. കത്തയച്ചത് ആരെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിന് സഹായം നല്‍കണമെന്നാണ് രണ്ട് കത്തിലെയും ആവശ്യം.
സഹായംനൽകിയില്ലെങ്കിൽ ജീവിക്കാനനുവദിക്കില്ലെന്ന് ഭീക്ഷണിയുമുണ്ട്. എന്നാൽ ആർക്കാണ് സഹായം നല്‍കേണ്ടത് എന്നതിനെ കുറിച്ചും കത്തിൽ കാര്യമായൊന്നും പറയുന്നില്ല. കത്തിനൊപ്പമുണ്ടായിരുന്ന നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പോലീസിനെ അറിയിച്ചാല്‍ ജീവിക്കാനനുവദിക്കില്ലെന്ന ഭീക്ഷണിയും കത്തിലുണ്ടായിരുന്നു. എന്നാൽ ഭയക്കാതെ ജയപാലന്‍ അന്വേഷണമാവശ്യപ്പെട്ട് മരട് പോലീസിൽ പരാതി നല്‍കി.
ജയപാലന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്നാണ് മരട് പോലീസ് പറയുന്നത്. ഫോണ്‍ നമ്പര്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ നടക്കുന്നത്. വിവരം ലഭിച്ചാല്‍ അയച്ചയാളെ പിടികൂടാനാകുമെന്നും പോലീസ് കണക്കുകൂട്ടുന്നു.
