Asianet News MalayalamAsianet News Malayalam

ഭാഗ്യം വിറ്റ് നടന്നവരെ ഭാഗ്യക്കേടിലാക്കിയ മഹാമാരി

ഇത്തവണത്തെ ബജറ്റിൽ ലോട്ടറി മേഖലയെ കുറിച്ച് ഒരു പരമാർശവും നടത്തിയിട്ടില്ലെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. 

lottery sellers criticize in lockdown
Author
Malappuram, First Published Jun 10, 2021, 2:45 PM IST

മലപ്പുറം: 'ഇന്നത്തെ കേരളാ... ഇന്നത്തെ കേരളാ....' റോഡരികിലും കവലകളിലും ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരുന്നവർ സ്ഥിരം കേൾക്കുന്ന ഈ വാചകങ്ങൾ നിലച്ചിട്ട് രണ്ട് മാസത്തിലേറെയായി. കൊവിഡ് വ്യാപനത്തോത് കുറയ്ക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതക്കയത്തിലാണ് കേരളത്തിലെ രണ്ടര ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാരും കൂടിയാണ്. വിൽപ്പന നിലച്ചതോടെ നിത്യവൃത്തിക്ക് ബുദ്ധിമുട്ടിലായ ഇവർ കെട്ടിട വാടക എങ്ങനെ അടയ്ക്കുമെന്ന ചിന്തയിലാണ്. കേരളത്തിന്റെ പ്രധാന വരുമാന മാർഗമായ ലോട്ടറി വിൽപ്പനയെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് ചെറുകിട ലോട്ടറി തൊഴിലാളി കൂട്ടായ്മ അം​ഗങ്ങൾ ആരോപിക്കുന്നു.

ഒന്നാംഘട്ട ലോക്ക്ഡൗൺ നിലവിൽ വന്ന സമയത്ത് സർക്കാറിന്റെ ഭാഗത്ത് നിന്നും ചെറിയ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. അന്ന് 3500 രൂപ ടോക്കൺ നൽകി ടിക്കറ്റ് വാങ്ങാൻ സഹായം അനുവദിക്കുകയും ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്തു. എന്നാൽ ടോക്കൺ നിരക്കിൽ അനുവദിച്ച 3500 രൂപ ഓണക്കാലത്ത് അനുവദിക്കാറുള്ള ബോണസിൽ നിന്ന് വെട്ടിച്ചുരുക്കി. കൂടാതെ ബോണസിൽ വർഷത്തിൽ നൽകാറുള്ള 500 രൂപയുടെ വർധനവ് കഴിഞ്ഞ തവണ ലഭിച്ചതുമില്ല. ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായ വ്യക്തികൾക്ക് ആദ്യ വർഷം 6000 രൂപയുടെ ഓണക്കാല ബോണസാണ് ലഭിക്കാറുള്ളത്. ഇത് വർഷത്തിൽ 500 രൂപ വർധിപ്പിക്കാറുണ്ടായിരുന്നു.

ഇത്തവണത്തെ ലോക്ക്ഡൗണിൽ കൂപ്പൺ നിരക്കിൽ തുക അനുവദിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പോരാത്തതിന് 1000 രൂപയുടെ ധനസഹായമാണ് ഇവർക്ക് ആകെ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമ നിധി ബോർഡിൽ അംഗങ്ങളല്ലാത്ത ലോട്ടറി കച്ചവടക്കാർക്ക് റേഷൻ കാർഡിന്റെ നമ്പർ നോക്കി ഈ തുക ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല.

ലോട്ടറിയുടെ മുഖ വില 30 രൂപയിൽ നിന്ന് 40 രൂപയായി വർധിപ്പിച്ചതും കച്ചവടക്കാർക്ക് ഇരുട്ടടിയായിട്ടുണ്ട്. ടിക്കറ്റുകൾ ട്രഷറിയിൽ നിന്നോ മൊത്തക്കച്ചവടക്കാരിൽ നിന്നോ വാങ്ങിയ ശേഷം വിൽപ്പന നടത്താൻ സാധിക്കാതെയായാൽ നല്ലൊരു സംഖ്യ നഷ്ടത്തിലാകുമെന്ന് കച്ചവടക്കാർ പറയുന്നു. ലോക്ക്ഡൗണിൽ വിൽപ്പന കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതിനാൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങി വിൽക്കാൻ തന്നെ കച്ചവടക്കാർ മടിക്കുകയാണ്. 

ഇത്തവണത്തെ ബജറ്റിൽ ലോട്ടറി മേഖലയെ കുറിച്ച് ഒരു പരമാർശവും നടത്തിയിട്ടില്ലെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ സഹായങ്ങളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇത്തവണത്തെ ലോക്ക്ഡൗൺ ദുരിതത്തിൽ നിന്നും കരകയറ്റാൻ 5000 രൂപയുടെ ധനസഹായവും 5000 രൂപക്കുള്ള കൂപ്പണുകളും ചെറുകിട കച്ചവടക്കാർക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios