അൽത്താഫിന് പണം ചിലവഴിക്കുന്ന കാര്യത്തിൽ പരിശീലനം നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ പറഞ്ഞു. സൂക്ഷിച്ച് ആലോചിച്ചായിരിക്കണം പണം ചിലവഴിക്കേണ്ടത്. 

തിരുവനന്തപുരം: സമ്മാനാർഹമായ തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ അൽത്താഫിന് പരിശീലനം നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ. അൽത്താഫിന് അഭിനന്ദനങ്ങൾ നേരുന്നതായും സമ്മാനത്തുക സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നും ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

ബാങ്ക് അക്കൗണ്ട് രേഖകൾ, പാൻ കാർഡ്, ആധാർ കാർഡ്, ഒറിജിനൽ ടിക്കറ്റ്, ബാങ്ക് വഴി പോകുന്നതിന് കളക്ടിം​ഗ് ബാങ്ക് സർട്ടിഫിക്കറ്റ്, റിസീവിം​ഗ് ബാങ്ക് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് അൽത്താഫ് ഹാജരാക്കേണ്ട രേഖകൾ. വളരെ സൂക്ഷിച്ച്, ആലോചിച്ച്, പഠിച്ച് ദീർഘകാലാടിസ്ഥാനത്തിൽ വേണം പണം ചിലവഴിക്കാനെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ പറഞ്ഞു. ചില ഭാ​ഗ്യവാൻമാർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സൂക്ഷിച്ച് ചിലവഴിക്കാത്തത് കൊണ്ട് നഷ്ടം വന്നിട്ടുണ്ട്. ഇനിയത് സംഭവിക്കാതിരിക്കട്ടെയെന്നും സൂക്ഷിച്ച് വിനിയോ​ഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബംപറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ് പറയുന്നു.

വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. 

ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. 

'അൽത്താഫിൻ്റെ മുഖം ഓർമ്മയിലില്ല, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് പറഞ്ഞു'; ലോട്ടറി ഏജൻ്റ് നാ​ഗരാജ്

https://www.youtube.com/watch?v=Ko18SgceYX8