പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കിങ് വിഭാഗത്തിലെ ജീവനക്കാരനാണ് ചരിവ് പുരയിടത്തില്‍ ഷിബു വര്‍ഗീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിബു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. 

പത്തനംതിട്ട: നിനച്ചിരിക്കാതെ ഭാ​ഗ്യമെത്തിയ സന്തോഷത്തിലാണ് പത്തനംതിട്ട സ്വദേശി ഷിബു വർ​ഗീസ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ഭാ​ഗ്യക്കുറിയുടെ(Win Win Lottery) ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കിങ് വിഭാഗത്തിലെ ജീവനക്കാരനാണ് ചരിവ് പുരയിടത്തില്‍ ഷിബു വര്‍ഗീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിബു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ലോട്ടറിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയ തൊഴിലാളിയിൽ നിന്നും നാല് വിൻ വിൻ ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയത്. കൂടെ രണ്ടു സഹപ്രവത്തകരും ടിക്കറ്റെടുത്തു. 

മൂന്ന് മണിയോടെ നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഷിബു മൊബൈലിൽ ഫലം നോക്കുകയും തനിക്കാണ് ഒന്നാം സമ്മാനമെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. ഒപ്പം വാങ്ങിയ മൂന്ന് ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8000 രൂപ വീതവും അടിച്ചു. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. 

തനിക്ക് ഭാ​ഗ്യം ലഭിച്ചുവെങ്കിലും ടിക്കറ്റ് നൽകിയ കച്ചവടക്കാരനെ ഷിബു മറന്നില്ല. തൊഴിലാളിക്ക് കയ്യിലിരുന്ന 8000 രൂപയുടെ മൂന്ന് ടിക്കറ്റുകൾ സന്തോഷത്തോടെ ഷിബു നൽകി. ലക്ഷപ്രഭു ആയെങ്കിലും ജോലിയിൽ തുടരാനാണ് തീരുമാനമെന്ന് ഭാ​ഗ്യവാൻ പറയുന്നു.

Also Read: Sthree Sakthi SS 296 : സ്ത്രീശക്തി SS-296 ലോട്ടറി നറുക്കെടുപ്പ് ഇന്ന്