റവന്യൂ ഓഫീസിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തും. കുറ്റക്കാർ എത്ര ഉന്നതർ ആയാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ (Government Offices) കയറിയിറങ്ങി ഒടുവില്‍ മത്സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ (suicide) ചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടി എന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan). കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരുമെന്നും മന്ത്രി പ്രതികരിച്ചു.
ഭൂമി തരം മാറ്റത്തിന് സജീവൻ നൽകിയ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഓഫിസിലെ ആൾക്ഷാമം പരിഹരിഹരിക്കാൻ നടപടി ഉണ്ടാകും. റവന്യൂ ഓഫീസിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തും. കുറ്റക്കാർ എത്ര ഉന്നതർ ആയാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഡിവിഷണൽ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഏജന്റുമാരുടെ ഇടപെടൽ നിയന്ത്രിക്കും. സജീവന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന്, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച്, ഒടുവില്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
