തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് മികച്ച വിൽപ്പന. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു. തുടർന്ന് ഡിമാന്റ് വന്നതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തിരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ലോട്ടറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ചയും തുറന്ന് പ്രവർത്തിക്കും.

12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

സെപ്റ്റംബർ 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞവർഷം വിറ്റഴിഞ്ഞത്. 2017-ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വില്പന.