കുറ്റിപ്പുറം: അനധികൃതമായി മൂന്നക്ക ലോട്ടറി നടത്തിയ ആൾ അറസ്റ്റിൽ. കുറ്റിപ്പുറത്ത് മഞ്ജു ലോട്ടറി ഏജൻസി എന്ന പേരിൽ ലോട്ടറി വിൽപ്പന കട നടത്തുന്ന മാങ്ങാട്ടൂർ സ്വദേശി പണ്ടാരക്കണ്ടത്ത് സുമേഷ് (28)നെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ലോട്ടറി വിൽപ്പനയുടെ മറവിൽ എഴുത്ത് ലോട്ടറി വിൽപ്പന നടത്തിവരികയാണ്. നേരത്തെയും സുമേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുക്കുന്ന എല്ലാ ദിവസവും 50 രൂപ വീതം ഈടാക്കിയാണ് ആളുകൾക്ക് എഴുത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്നത്. 

ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കമാണ് എഴുതി നൽകുക. ഒന്നാം സമ്മാനമായി 25,000 രൂപയാണ് നൽകിയിരുന്നത്. 38,000 രൂപയോളം ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ഇനി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ നല്ല നടപ്പിന് ആർ ഡി ഒ കോടതി മുഖേന ജാമ്യം എടുപ്പിക്കുമെന്നും കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് അധികൃതർക്ക് ശുപാർശ നൽകുമെന്നും പൊലീസ് അറിയിച്ചു.