സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.
കെ.എസ്.ഇ.ബിയെ ഈ സര്‍ക്കാര്‍ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് 40000 കോടിയായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളര്‍ പദ്ധതിയിലും 50000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. നിലവിൽ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.
