കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ഇടുക്കി: ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങളിൽ പ്രമേയം പാസാക്കി ഇടുക്കി രൂപത. വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെ തിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്. ഇടുക്കി രൂപത വൈദീക സമിതിയാണ് പ്രമേയം പാസാക്കിയത്.
ഇതിനിടെ, കാട്ടാന ആക്രമണത്തില്‍ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി സുരേഷ് കുമാര്‍ മരിച്ചതിനെതുടര്‍ന്ന് ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. മേഖലയിലെ വന്യമൃഗശല്യം തടയണമെന്നും ജനജീവിതത്തിന് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മൂന്നാര്‍ ടൗണിലാണ് സമരം. വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഇടുക്കി രൂപത രംഗത്തെത്തി. ഫലപ്രദമായ ഇടപെടൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും ഇതിൽ വലിയ പ്രതിഷേധമുണ്ടെന്ന് ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ആവശ്യമെങ്കിൽ സമരത്തിന് ഇറങ്ങും. അല്ലാതെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം സർക്കാറുകൾ മറന്നുപോകരുത്. ആവശ്യമെങ്കിൽ നിയമത്തിൽ പോലും മാറ്റം വരുത്താൻ ഇരു സർക്കാറുകളും തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

