Asianet News MalayalamAsianet News Malayalam

'ഇന്നലെകൾ മറക്കരുത്, സ്വകാര്യ സർവകലാശാലകൾ വേണ്ട', തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് എഐഎസ്എഫ്

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

'No private universities', AISF says strong strike if budget decision is not withdrawn
Author
First Published Feb 6, 2024, 7:42 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവകലാശാലകളെ പ്രൊത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവർ, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഇന്നലെകളിൽ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ മറന്ന് പോകരുതെന്നും എഐഎസ്എഫ് അഭിപ്രായപ്പെടുന്നു. കേരളത്തില്‍  സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം കയറിയിറങ്ങാന്‍ വാതില്‍ തുറന്നിട്ടതിന്‍റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപകമായ കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം പ്രാപ്യമാക്കിയപ്പോഴെല്ലാം അതിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ്  കേരളത്തിൽ ഉയർന്നു വന്നത്.

വിദ്യാഭ്യാസത്തിന്‍റെ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിന്‍റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെയും കേവല കച്ചവട താല്പര്യം മാത്രം മുൻ നിർത്തിക്കൊണ്ടുമള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എ ഐ എസ് എഫ് പ്രസ്താവനയില്‍ അറിയിച്ചു. വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള  പോരാട്ടങ്ങൾ  എഐഎസ്എഫിന്‍റെ എക്കാലത്തെയും സുശക്തമായ നിലപാടാണെന്നും എഐഎസ് എഫ് സംസ്ഥാന പ്രസിഡന്‍റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും പ്രസ്താവനയിൽ പറഞ്ഞു.

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേയ്സ്ബുക്ക് കമന്‍റ്; ഷൈജ ആണ്ടവനെതിരെ എന്‍ഐടി സ്റ്റുഡൻറ് അഫയേഴ്സ് കൗണ്‍സിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios