കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍. യുവാവിന്‍റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് എജി കോടതിയില്‍ അറിയിച്ചത്. ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ കുഴിയില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം നടന്നത്.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരുടെ കയിൽ നിന്ന് പണം ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ കൃത്യമായി ശമ്പളം മേടിക്കുകയും വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്യുന്നുണ്ട് . എന്നാല്‍ നാട്ടാകാരുടെ കാര്യത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമില്ല. വഴി വിളക്കുകള്‍ പോലും തെളിയാത്ത അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി. 

യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായത്. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്.

കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്ര ജീവൻ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് പാലാരിവട്ടത്തെ കുഴിയില്‍ ബൈക്ക് വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍ മരിച്ചത്. അറ്റകുറ്റപണികൾക്ക് വേണ്ടി ജല അതോറിറ്റിയാണ് കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു.

Read Also: റോഡ് നന്നാവാൻ എത്ര ജീവൻ ബലികൊടുക്കണം ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി...