പദ്ധതി നിര്‍വഹണത്തിനും മേല്‍നോട്ടത്തിനുമായി ഒരു എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കുന്നതിലൂടെ വിവിധ പദ്ധതികള്‍ ചെലവ് കുറച്ച്, ഉയര്‍ന്ന നിലവാരം ഉറപ്പാക്കി, വേഗത്തില്‍ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ടൂറിസം വകുപ്പില്‍ പ്രത്യേക എന്‍ജിനീയറിങ് വിഭാഗം രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പദ്ധതികള്‍ സമയബന്ധിതവും ചെലവു കുറച്ചും നടപ്പിലാക്കാന്‍ കഴിയുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പദ്ധതികള്‍ ഉത്തരവാദിത്തത്തോടെ സുഗമമായി നടപ്പിലാക്കാനും സാധിക്കും.

മുന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് കേരള ടൂറിസം ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന സമയത്താണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. പദ്ധതി നിര്‍വഹണത്തിനും മേല്‍നോട്ടത്തിനുമായി ഒരു എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കുന്നതിലൂടെ വിവിധ പദ്ധതികള്‍ ചെലവ് കുറച്ച്, ഉയര്‍ന്ന നിലവാരം ഉറപ്പാക്കി, വേഗത്തില്‍ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാര വകുപ്പില്‍ നിലവിലുള്ള 250 കോടിയുടെ 416 പദ്ധതികള്‍ 17 എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ വിവിധ ഏജന്‍സികളാണ് നടപ്പിലാക്കുന്നത്. പദ്ധതിച്ചെലവിന് പുറമെ ഇവരുടെ ഏജന്‍സി ചാര്‍ജും സെന്‍റേജ് ചാര്‍ജും 4 മുതല്‍ 7 ശതമാനം വരെയാണ്.

വൈദഗ്ധ്യമുള്ള സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നതോടെ ഏജന്‍സികള്‍ നല്കുന്ന റേറ്റ് റിവിഷന്‍ എസ്റ്റിമേറ്റിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിശോധനയിലൂടെ ഒഴിവാക്കാനും സാധിക്കും.

പദ്ധതികളുടെ എസ്റ്റിമേറ്റ് പരിശോധന, ഗുണമേന്മ ഉറപ്പു വരുത്തല്‍, ബില്‍ പരിശോധന തുടങ്ങിയവയില്‍ ഏജന്‍സികളുടേതിനേക്കാള്‍ കാര്യക്ഷമമായി ഇടപെടാനാകും. പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകും.

എന്‍ജിനീയറിങ് വിഭാഗത്തില്‍ 10 തസ്തികകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എക്സിക്യുട്ടീവ് എഞ്ചിനീയര്‍-1, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍-7, അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാര്‍-2 എന്നിങ്ങനെ എഞ്ചിനീയറിംഗ് വിഭാഗത്തിന് കീഴില്‍ മൂന്ന് വര്‍ഷത്തേക്ക് താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്.