Asianet News MalayalamAsianet News Malayalam

രസതന്ത്ര ഉത്തരസൂചികയിലെ പിഴവ്: 12 അധ്യാപകരോട് വിശദീകരണം തേടി, മൂല്യനിർണ്ണയത്തിന് പുതിയ ഉത്തരസൂചിക

പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പം ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചിക അന്തിമ മൂല്യനിർണത്തിനായി ഉപയോഗിക്കാമെന്നും പുതിയ  ഉത്തരസൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

12 Teachers received memo for the errors in chemistry answer key
Author
തിരുവനന്തപുരം, First Published Apr 28, 2022, 7:53 PM IST

തിരുവനന്തപുരം: ഉത്തരസൂചികയിലെ പിഴവ് ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം വിവിധ ജില്ലകളിൽ അധ്യാപകര്‍ ബഹിഷ്കരിച്ചു. വിദഗ്ദരായ അധ്യാപകർ ഹയർ സെക്കണ്ടറി ജോ. ഡയറക്ടർക്ക് തയ്യാറാക്കി നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് പരാതി. ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകർക്ക് അച്ചടക്ക നടപടികളുടെ ഭാഗമായി മെമ്മോ നൽകിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പൂടെ അറിയിച്ചു. കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പം ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചിക അന്തിമ മൂല്യനിർണത്തിനായി ഉപയോഗിക്കാമെന്നും പുതിയ  ഉത്തരസൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

ഹയർസെക്കന്‍ററി മൂല്യനിർണയം വേഗത്തിലാക്കി  ഇക്കുറി നേരത്തെ ഫലംപ്രഖ്യാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനിടെയാണ് തുടക്കത്തിലേയുളള കല്ലുകടി. കെമിസ്ട്രി മൂല്യനിർണയത്തിനുളള ഉത്തരസൂചിക തയ്യാറായപ്പോൾ തന്നെ പിഴവുകൾ അധ്യാപകർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരാണ് മൂല്യനിർണയത്തിന്റെ സ്കീം തയ്യാറാക്കി ഹയർസെക്കന്‍ഡറി ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ചത്. എന്നാൽ ഇതൊഴിവാക്കി, ആരാണ് തയ്യാറാക്കിയതെന്നുപോലുമറിയാത്ത പുതിയ ഉത്തര സൂചികയാണ് മൂല്യനിർണയ ക്യാംപിലെത്തിയത്. പല ഉത്തരങ്ങളിലും ഗുരുതര പിഴവുകൾ ഉത്തരസൂചികയിലുണ്ടെന്ന് അധ്യാപകർ കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി പിന്നാലെ സംസ്ഥാന വ്യാപകമായി അധ്യാപകർ കെമിസ്ട്രി പേപ്പറിൻ്റെ മൂല്യനിർണയം നിർത്തിവയ്ക്കുകയും ചെയ്തു.

പിഴവുളള സൂചിക വഴി തെറ്റായ ഉത്തരങ്ങൾക്ക് വരെ മാർക്ക് നൽകേണ്ടിവരും. ശരിയുത്തരമെഴുതുന്നവർക്ക് മാർക്ക് കിട്ടാത്ത സ്ഥിതിവരുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. മൂല്യനിർണയം തടസ്സപ്പെട്ടതോടെ എട്ടുദിവസത്തിനകം പൂർത്തിയാക്കേണ്ട പ്രക്രിയ ഇനിയും നീളും. പിഴവുളള സ്കീം പ്രകാരം മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
 

Follow Us:
Download App:
  • android
  • ios